ഡൽഹിയിൽ വായു മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിൽ. നഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക വളരെ മോശം അവസ്ഥയിലാണ്. ആർ.കെ പുരം, ആനന്ദ് വിഹാർ തുടങ്ങിയ മേഖലകളിൽ എ.ക്യു.ഐ 300-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദീപാവലിക്ക് ശേഷം ഉയർന്ന മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. മലിനീകരണ തോത് കുറയ്ക്കുന്നതിനായി ഖേക്ര, ബുരാരി, മയൂർ വിഹാർ, കരോൾബാഗ് എന്നിവിടങ്ങളിൽ ക്ലൗഡ് സീഡിങ് (കൃത്രിമ മഴ) നടത്തിയെങ്കിലും, ഇതുവരെ മഴ പെയ്യിക്കാൻ കഴിഞ്ഞിട്ടില്ല. കൃത്രിമ മഴ ലഭിക്കുന്നപക്ഷം മലിനീകരണത്തിന് ആശ്വാസമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വായുമലിനീകരണം ഉയർന്ന സാഹചര്യത്തിൽ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മൻ്റ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. നവംബർ ഒന്നു മുതൽ ബിഎസ് 6 (BS 6) നിലവാരത്തിന് താഴെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല.
ബിഎസ് 6, എൽ.എൻ.ജി, സി.എൻ.ജി, ഇ.വി വാഹനങ്ങൾ ഒഴികെയുള്ളവയെ വിലക്ക് ബാധിക്കും. നിലവിൽ ബിഎസ് 4 നിലവാരത്തിലുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾക്ക് അടുത്ത വർഷം ഒക്ടോബർ 31 വരെ മാത്രമാണ് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്.
















