അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ മുഴുവൻ ചികിത്സാച്ചെലവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ) വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച ശേഷം ഭക്ഷണം കഴിച്ച് ക്യാമ്പിലേക്ക് മടങ്ങാൻ വീട്ടിൽ എത്തിയ ബിജുവും ഭാര്യ സന്ധ്യയും പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെടുകയായിരുന്നു.
ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഉടൻതന്നെ എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ കാലിലെ രക്തയോട്ടം നിലച്ചതിനെത്തുടർന്ന് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. വലതുകാലിലെ പരിക്ക് ഭേദമായി വരുന്നുണ്ട്. അതേസമയം, പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ കരാർ കമ്പനിയെ മുന്നോട്ട് പോകാൻ അനുവദിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രധാന ആക്ഷേപം.
മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന അശാസ്ത്രീയമായ മണ്ണെടുപ്പ് ചൂണ്ടിക്കാട്ടി മരിച്ച ബിജു നേരത്തെ പരാതി നൽകിയിരുന്നു.
















