കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വോട്ടര്‍മാരെ കടുത്ത ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. രാജ്യമൊട്ടാകെ എസ്‌ഐആറിന്റെ ആശങ്കകളുണ്ടെങ്കിലും പ്രവാസികള്‍ കൂടുതലുള്ള കേരളത്തില്‍ ഈ ആശങ്കകള്‍ വളരെ ശക്തമാണ്. വോട്ടര്‍ പട്ടിക പരിഷ്‌കരണം ഒരു സ്വാഭാവിക പ്രക്രിയയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ആശങ്കപ്പെടുത്തുന്നുണ്ട്. വോട്ടവകാശ നിഷേധമാണ് വ്യാപകമായി എസ്‌ഐആറിന്റെ ഭീഷണിയായി കണക്കാക്കപ്പെടുന്നത്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ രേഖകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ ആളുകളെ ഒഴിവാക്കാന്‍ കാരണമാകുമെന്നതാണ് പ്രധാന ആശങ്ക. ഈ ആശങ്ക രാഷ്ട്രീയ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും പങ്കുവെയ്ക്കുന്നുണ്ട്.
മതിയായ, പുതിയ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരവധി ആളുകള്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നുറപ്പാണ്. പ്രവാസികള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയാത്ത വയോധികര്‍ തുടങ്ങിയവര്‍ക്ക് എസ്‌ഐആറില്‍ വോട്ടവകാശം നഷ്ടമാവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനൊപ്പമാണ് ന്യൂനപക്ഷങ്ങളെ മനപൂര്‍വം ഒഴിവാക്കുമെന്ന ആരോപണങ്ങള്‍ ശക്തമാകുന്നത്. ബീഹാറില്‍ അടക്കം ഇത്തരം നീക്കങ്ങളുണ്ടായെന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്. കേരളത്തിന്റെ സവിശേഷ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ വോട്ടര്‍മാരുടെ സംശയം ദൂരീകരിക്കേംണ്ടതുണ്ട്. ഏറ്റവുമധികം പ്രവാസികളുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ പ്രവാസികള്‍ക്ക് എസ്.ഐ.ആര്‍ ഒരു വലിയ ഭീഷണിയാണ്.
തിരഞ്ഞെടുപ്പിന്റെ സമയത്ത് അവധിയെടുത്ത് നാട്ടിലെത്തി വോട്ടുചെയ്ത് മടങ്ങുന്ന രീതി പല പ്രവാസികള്‍ക്കുമുണ്ട്. എന്നാല്‍, എസ്.ഐ.ആര്‍ നടപ്പാക്കുന്ന രീതി പരിഗണിക്കുമ്പോള്‍ പ്രവാസികളില്‍ പലരുടെയും വോട്ടവകാശം നഷ്ടമാവാനുള്ള സാധ്യതകളുണ്ട്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് വോട്ടവകാശം നഷ്ടമാവും. രേഖകള്‍ ഹാജരാക്കുന്നതും യോഗ്യത തെളിയിക്കുന്നതും സുതാര്യമായോ എളുപ്പത്തിലോ നടക്കില്ല. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ പോലും വോട്ട് ചെയ്യാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എസ്.ഐ.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഇപ്പോള്‍ത്തന്നെ ശക്തമാണ്. സങ്കീര്‍ണമായ താമസ രീതികളുള്ള പൗരന്മാര്‍ക്ക് അതിനെ പിന്തുണയ്ക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്യൂറോക്രാറ്റിക് തടസങ്ങള്‍ കാരണം അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടമാവും. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും നിരീക്ഷണമുണ്ട്. എസ്.ഐ.ആറിലൂടെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയുമുണ്ട്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ആവശ്യമുള്ള ഒന്നാണെങ്കിലും തിടുക്കത്തില്‍, തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സങ്കീര്‍ണമായി നടത്തുന്നത് പല തരത്തിലുള്ള ഒഴിവാക്കലുകള്‍ക്ക് വേണ്ടിയാണെന്ന വിമര്‍ശനമാണ് പൊതുവായി ഉയരുന്നത്.
എസ്.ഐ.ആറില്‍ ആധാര്‍ കാര്‍ഡാവും തിരിച്ചറിയല്‍ രേഖ. കേരളം അടക്കം 12 സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാന്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഇവിടങ്ങളിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത്തരമൊരു നടപടി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇരുട്ടടിപോലെയാണ് കിട്ടിയിരിക്കുന്നത്.
CONTENT HIGH LIGHTS;Will Kerala be affected by the radical voter list revision?: Who will be affected and how?
















