തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണവുമായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രംഗത്ത്. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അസിസ്റ്റൻ്റ് എഞ്ചിനിയർ, ടൗൺ പ്ലാനിങ് ഓഫീസർ, ജൂനിയർ എഞ്ചിനിയർ, ശുചീകരണ വിഭാഗം ഇൻസ്‌പെക്ടർ തുടങ്ങി 2538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പൽ ഭരണമന്ത്രിയും ഡിഎംകെയിലെ അതിശക്തനുമായ കെ.എൻ. നെഹ്‌റുവിൻ്റെ സഹോദരൻ എൻ. രവിചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.
















