ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറയിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന് (41) സഹായവുമായി നടൻ മമ്മൂട്ടി. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, ആലുവ രാജഗിരി ആശുപത്രിയിലെ സന്ധ്യയുടെ തുടർ ചികിത്സാച്ചെലവുകൾ പൂർണ്ണമായും അദ്ദേഹം ഏറ്റെടുത്തു. ഈ ദുരന്തത്തിൽ ഭർത്താവ് ബിജുവിനെ നഷ്ടപ്പെടുകയും, ജീവൻ രക്ഷിക്കാൻ വേണ്ടി സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്തിരുന്നു. അതിലും വേദനാജനകമായി, കഴിഞ്ഞ വർഷം മകനും കാൻസർ രോഗം മൂലം മരണമടഞ്ഞു. ഇപ്പോൾ നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യയുടെ ഏക ആശ്രയം.
നിസ്സഹായരായ ബന്ധുക്കൾ സഹായം അഭ്യർത്ഥിച്ച് മമ്മൂട്ടിയുടെ ഫൗണ്ടേഷനെ സമീപിച്ചതിനെ തുടർന്നാണ് ഈ മനുഷ്യ സ്നേഹപരമായ ഇടപെടൽ ഉണ്ടായത്. മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിച്ച് ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് സന്ധ്യയെ അതീവ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. മണ്ണിനടിയിൽ ഏകദേശം മൂന്ന് മണിക്കൂറോളം കുടുങ്ങിപ്പോയ സന്ധ്യയെ ആശുപത്രിയിൽ എത്തിക്കാൻ ഏഴ് മണിക്കൂറിലധികം സമയമെടുത്തു. ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലയ്ക്കുകയും അസ്ഥികൾ പലയിടത്തായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരയുകയും ചെയ്ത അവസ്ഥയിലായിരുന്നു.
അടിയന്തരമായി എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഇടതുകാലിലെ രക്തയോട്ടം പുനഃസ്ഥാപിച്ച് ഒടിഞ്ഞ അസ്ഥികൾ പൂർണ്ണരൂപത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നിരുന്നാലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷവസ്തുക്കൾ വർദ്ധിക്കുകയും അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തതോടെ ജീവൻ രക്ഷിക്കുന്നതിനായി ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യേണ്ടി വന്നു.
ഇടതുകാലിന്റെ സാധാരണ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഇനി പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർ ചികിത്സകൾ ആവശ്യമാണ്. വലതുകാലിലെ രക്തയോട്ടവും അസ്ഥികളും താരതമ്യേന തകരാറിലല്ലെങ്കിലും ചതഞ്ഞരഞ്ഞ മസിലുകൾക്ക് കൂടുതൽ ചികിത്സ അനിവാര്യമാണ്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും സന്ധ്യയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തുടർചികിത്സയെക്കുറിച്ചും മമ്മൂട്ടി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി.
















