തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്തയക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രൂക്ഷമായി പ്രതികരിച്ചു. ഇത് സിപിഐയുടെ പ്രതിഷേധം തണുപ്പിക്കാനുള്ള താൽക്കാലിക നടപടി മാത്രമാണെന്ന് അദ്ദേഹം വിമർശിച്ചു. കേവലം രാഷ്ട്രീയപരമായ ഒത്തുതീർപ്പിനും തന്ത്രപരമായ ഒളിച്ചുകളിക്കും വേണ്ടിയുള്ള അടവുനയമാണിതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
സിപിഐ ‘മയക്കുവെടിയേറ്റോ’ എന്ന് വ്യക്തമാക്കേണ്ടത് അവരാണെന്ന് അദ്ദേഹം പരിഹസിച്ചു. ധാരണാപത്രം റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. പദ്ധതി മരവിപ്പിക്കാനുള്ള നിർദ്ദേശം പ്രായോഗികമല്ല, ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ബിജെപി-സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ നടന്ന ചർച്ചകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ചർച്ചകൾ പ്രതീക്ഷ നൽകുന്നതായിരുന്നു. സംഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കെപിസിസി യോഗം ചേരുന്ന സമയം ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















