കൊച്ചി: ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഡ്രഗ് ഡിസൈൻ ആൻഡ് ഡിസ്കവറി ഡിസ്കഷൻ ഗ്രൂപ്പിൻറെ സഹകരണത്തോടെയാണ് അമൃത സ്കൂൾ ഓഫ് ഫാർമസി നാഷണൽ കോൺഫറൻസ് ഓൺ ഡിസൈൻ ആൻഡ് ഡിസ്കവറി സംഘടിപ്പിച്ചത്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും ഗവേഷക മേഖലയിലെ വിദഗ്ധരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. ഫാർമസ്യൂട്ടിക്കൽ ഗവേഷണ മേഖലയിൽ രൂപംകൊണ്ട പുതിയ പ്രവണതകളെ കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയായി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ് റിസർച്ച് വിഭാഗം ഡീൻ ഡോ. ടി. കെ. മനോജ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. പി. ജയശേഖർ ചടങ്ങിൽ സംസാരിച്ചു. അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം. യുവ ഗവേഷകരിൽ ശാസ്ത്രീയ കൗതുകം ഉണർത്താൻ സമ്മേളനത്തിന് സാധിച്ചു എന്ന് ചൂണ്ടിക്കാട്ടി. ഗവേഷകരംഗത്തെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള 210 പേർ സമ്മേളനത്തിൽ ഭാഗമായി. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചിരുന്നു.
















