ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. നേരത്തെ, ശസ്ത്രക്രിയക്ക് വിധേയനായ താരത്തെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിന്ന് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് താരത്തിന് ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നെന്ന് സൈകിയയുടെ വിശദീകരണം. ആന്തരിക രക്തസ്രാവം മറ്റൊരു മാർഗ്ഗത്തിലൂടെയാണ് പരിഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പരുക്ക് ഗുരുതരമായിരുന്നിട്ടും ശ്രേയസ് അയ്യരുടെ ആരോഗ്യനില അതിവേഗം മെച്ചപ്പെടുന്നുണ്ട് എന്നാണ് ബിസിസിഐ സെക്രട്ടറി അറിയിച്ചത്. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അദ്ദേഹത്തിന്റെ പരുക്ക് ഭേദമാകുന്നത്. “ശ്രേയസ് ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെങ്കിലും, അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ഇന്ത്യൻ ടീം ഡോക്ടർ റിസ്‌വാൻ ഖാനുമായി ഞാൻ നിരന്തരം സംസാരിക്കുന്നുണ്ട്,” ദേവജിത് സൈകിയ മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണയായി ഇത്തരം പരുക്കുകൾ പൂർണ്ണമായും ഭേദമാവാൻ ആറ് മുതൽ എട്ട് ആഴ്ചകൾ വരെ സമയം വേണ്ടിവരാറുണ്ട്. എന്നാൽ, ശ്രേയസിന്റെ കാര്യത്തിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും, കാരണം അദ്ദേഹത്തിന്റെ റിക്കവറി നിരക്ക് വളരെ വേഗത്തിലാണെന്നും സൈകിയ കൂട്ടിച്ചേർത്തു. ശസ്ത്രക്രിയ ഒഴിവാക്കിയതും രക്തസ്രാവം മറ്റൊരു രീതിയിൽ പരിഹരിച്ചതുമാണ് ഈ അതിവേഗ തിരിച്ചുവരവിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസീസുമായുള്ള ഏകദിനത്തിനിടെ ഫീൽഡിങ്ങിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഇടതു വാരിയെല്ലിനും പ്ലീഹയ്ക്കും (സ്‌പ്ലീൻ) പരുക്കേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതിനാലാണ് താരത്തെ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ ശേഷം ഡ്രസ്സിങ് റൂമിലെത്തിയ താരത്തിന് ബോധക്ഷയം ഉണ്ടാവുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്തതിനെ തുടർന്നാണ് അടിയന്തരമായി ഐസിയുവിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ബിസിസിഐയുടെ മെഡിക്കൽ സംഘം സിഡ്‌നിയിൽ എത്തിയിട്ടുണ്ട്. ഇവരുടെ മേൽനോട്ടത്തിലായിരിക്കും താരത്തിന്റെ തുടർചികിത്സകൾ. ശ്രേയസിന്റെ കുടുംബാംഗങ്ങൾ ഉടൻ സിഡ്നിയിൽ എത്തുമെന്നും വിവരമുണ്ട്.
















