കയ്യിൽ നിന്ന് അറിയാതെ ഫോൺ താഴെ വീണാൽ ചെയിൻ വലിക്കാമോ? വലിച്ചാൽ പിഴ കിട്ടുമോ ? എല്ലാവര്ക്കും പൊതുവായിട്ടുള്ള ഒരു സംശയമാണ്. ഈ സംശയത്തിന്റെ ഉത്തരവും ആയി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുകയാണ്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കൈയിൽ ഇരുന്ന മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ ഉടൻതന്നെ അപായച്ചങ്ങല (Alarm Chain) വലിക്കരുതെന്നും വലിച്ചാൽ പിഴ ഈടാക്കുമെന്നുമാണ് ആർപിഎഫ് അറിയിച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന്റെ പേരിൽ അപായച്ചങ്ങല വലിച്ചാൽ 1,000 രൂപ പിഴയോ, ഒരു വർഷം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാൻ സാധ്യതയുണ്ട്. യാത്രക്കാർ അശ്രദ്ധമായി ഫോൺ ഉപയോഗിക്കുമ്പോൾ പാളങ്ങളിലേക്ക് വീഴുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആർപിഎഫിന്റെ ഈ നിർദ്ദേശം. എങ്കിലും, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കിൽ, ട്രെയിൻ നിർത്തുന്നതിനായി അപായച്ചങ്ങല വലിക്കുന്നതിൽ തെറ്റില്ലെന്നും ആർപിഎഫ് അധികൃതർ കൂട്ടിച്ചേർത്തു.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ഫോൺ താഴെ വീണാൽ ചെയിൻ വലിക്കാതെ, പരിഭ്രാന്തരാകാതെ, അത് വീണ സ്ഥലം കൃത്യമായി ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം, ഉടൻതന്നെ റെയിൽവേ അധികൃതർ, റെയിൽവേ പൊലീസ്, അല്ലെങ്കിൽ റെയിൽവേ സംരക്ഷണ സേന എന്നിവരെ വിവരം അറിയിക്കുക. സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ:
- റെയിൽവേ ഹെൽപ് ലൈൻ: 139
- ആർപിഎഫ് ഹെൽപ് ലൈൻ: 182
വിവരം നല്കുമ്പോള് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച കാര്യങ്ങൾ ഉണ്ട് ട്രെയിൻ നമ്പർ, സീറ്റ് നമ്പർ, യാത്രക്കാരന്റെ തിരിച്ചറിയൽ രേഖ (ID) വിവരങ്ങൾ എന്നിവ കൂടി നൽകുക. പരാതി ലഭിച്ചാലുടൻ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും സാധനങ്ങൾ കണ്ടെത്തി യഥാർഥ ഉടമകൾക്ക് കൈമാറുകയും ചെയ്യുമെന്ന് അറിയിച്ചു.
















