കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. കൂടത്തായി സ്വദേശി അമ്പാടൻ അൻസാർ ആണ് കസ്റ്റഡിയിലായത്. കൂടത്തായിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ 351 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് അടക്കമുള്ള പ്രധാന പ്രതികൾ ആരും പിടിയിലായിട്ടില്ല.അതിനിടെ, കട്ടിപ്പാറ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം തുടങ്ങി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ ജനപ്രതിനിധികള്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. യോഗത്തിന് മുന്നോടിയായി ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ഫ്രഷ് കട്ടിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം യോഗത്തിൽ സമര സമിതി നേതാക്കളെയും പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും ക്ഷണിച്ചിട്ടില്ല. യോഗത്തിന് എത്തിയ സമരസമിതി പ്രതിനിധികളെ ഉദ്യോഗസ്ഥർ തടഞ്ഞു. ഇരകളെ പങ്കെടുപ്പിക്കാതെ നടത്തുന്ന സർവ്വകക്ഷിയോഗം പ്രഹസനമാണെന്ന് സമരസമിതി ആരോപിച്ചു.
















