ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു പമ്പയില്‍ എത്തി ശബരിമല ദര്‍ശന ശേഷം മടങ്ങി എത്തുന്ന തരത്തില്‍ ആണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 16 , 22, 29 ദിവസങ്ങളിലാണ് യാത്ര.
രാത്രി ഏഴിന് കൊല്ലത്ത് നിന്നും ആരംഭിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഓമല്ലൂര്‍, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി പമ്പയില്‍ എത്തിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി എത്തുന്ന യാത്രക്ക് 490 രൂപയാണ് ഈടാക്കുന്നത്.
നവംബറില്‍ ഉല്ലാസ യാത്രകളും മൂകാംബിക, ഗുരുവായൂര്‍ തീര്‍ത്ഥാടന യാത്രകളും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് വാഗമണ്‍, റോസ്മല എന്നിവിടങ്ങളിലേക്ക് രണ്ടു യാത്രകള്‍ നടത്തും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന വാഗമണ്‍ യാത്ര രാത്രി 10.30ന് മടങ്ങി എത്തും. ഉച്ചഭക്ഷണം ഉള്‍പ്പടെ 1020 രൂപയാണ് നിരക്ക്. റോസ്മല യാത്ര രാവിലെ 6.30 ന് ആരംഭിച്ച് ഒന്‍പതിന് മടങ്ങി എത്തും. 520 രൂപയാണ് ചാര്‍ജ്. 15, 30 തീയതികളില്‍ വാഗമണും ഒന്‍പത്, 23 തീയതികളില്‍ റോസ്മലയിലേക്കും യാത്ര ഉണ്ടായിരിക്കും.
നവംബര്‍ രണ്ടിന് ഇല്ലിക്കല്‍ കല്ല്-ഇലവീഴാ പൂഞ്ചിറ, പൊന്മുടി എന്നീ രണ്ടു യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇല്ലിക്കല്‍ കല്ല് രാവിലെ അഞ്ചിന് ആരംഭിക്കും. 820 രൂപയാണ് യാത്രാ നിരക്ക്. നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, മീന്‍മുട്ടി വെള്ള ചാട്ടം- പൊന്മുടി യാത്ര രാവിലെ 6.30ന് ആരംഭിച്ച് ഒമ്പതിന് മടങ്ങി എത്തും. 650 രൂപയാണ് നിരക്ക്. നവംബര്‍ 15, 28 ദിവസങ്ങളിലും പൊന്മുടിയിലേക്കും യാത്ര ഉണ്ട്.
തിരുവനന്തപുരം ജില്ലയിലെ പൗര്‍ണമി കാവിലേക്ക് ഈ മാസം അഞ്ചിനാണ് യാത്ര. 600 രൂപയാണ് നിരക്ക്. കാനനയാത്രയായ ഗവി നവംബര്‍ ഏഴ്, 11, 26 എന്നീ ദിവസങ്ങളില്‍ ഉണ്ട്. ബസ്- ബോട്ടിംഗ് ചാര്‍ജുകള്‍ പ്രവേശന-ഗൈഡ് ഫീസുകള്‍, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 1750 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.
നവംബര്‍ എട്ടിന് മൂന്നാര്‍, അമ്പനാട്, അയ്യപ്പക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് 3 യാത്രകള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാര്‍ യാത്ര ഒന്‍പതിന് അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തും. താമസം ജീപ്പ് സഫാരി ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,380 രൂപയാണ് നിരക്ക്. എസ്റ്റേറ്റ് കൂടാതെ ചാലിയക്കര, മാമ്പഴത്തറ, പാലരുവി, കണങ്കുന്ന് എന്നിവിടങ്ങളും സന്ദര്‍ശിക്കുന്ന അമ്പനാട് യാത്ര രാവിലെ ആറിന് ആരംഭിച്ച് ഒന്‍പത് മണിക്ക് മടങ്ങിയെത്തും. നിരക്ക് 550 രൂപ.
നവംബര്‍ 9ന് നെഫറിറ്റി ആഡംബര കപ്പല്‍ യാത്രയുണ്ട്. രാവിലെ 10 മണിക്ക് കൊല്ലത്തുനിന്നും ആരംഭിച്ച് രാത്രി 12 മണിയോടെ മടങ്ങിയെത്തുന്ന യാത്രയ്ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 3,840 രൂപയാണ് നിരക്ക്. കൊല്ലൂര്‍ മൂകാംബിക തീര്‍ത്ഥാടനം നവംബര്‍ 13ന് ഉച്ചയ്ക്ക് 2 മണിക്ക് യാത്ര ആരംഭിക്കും. വടക്കുംനാഥ ക്ഷേത്രം, ഉത്രാളികാവ് എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷം 14ന് രാവിലെ മൂകാംബികയില്‍ എത്തും. ഒരു ദിവസം പൂര്‍ണമായും മൂകാംബികയില്‍ ചിലവഴിച്ച ശേഷം പിറ്റേദിവസം രാവിലെ മടക്കയാത്ര ആരംഭിക്കും. യാത്രയില്‍ ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അനന്തപുരം തടാക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, മധൂര്‍ സിദ്ധി വിനായക ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം 16ന് പുലര്‍ച്ചെ കൊല്ലത്ത് മടങ്ങിയെത്തും. ബസ് ചാര്‍ജ് ഇനത്തില്‍ 3,480 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
















