ദിസ്പുര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അസം സര്‍ക്കാര്‍. തിങ്കളാഴ്ച ശ്രീഭൂമി പട്ടണത്തിലെ കോണ്‍ഗ്രസ് ജില്ലാ ഓഫീസായ ഇന്ദിരാ ഭവനില്‍ നടന്ന കോണ്‍ഗ്രസ് സേവാദളിന്റെ യോഗത്തിനിടെയാണ് ബംഗ്ലാദേശ് ദേശീയഗാനം ആയ ‘അമര്‍ സോണാര്‍ ബംഗ്ല’ ആലപിച്ചത്.
അസം കോണ്‍ഗ്രസ് നേതാവ് ബിദുഭൂഷണ്‍ ദാസ് ആണ് പരിപാടിയില്‍ ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആലപിച്ചത്. സംഭവത്തില്‍ അസം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിനെതിരേ കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. ദേശീയതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിതെന്ന് ബിജെപി കുറ്റപ്പെടുത്തി. വടക്കുകിഴക്കന്‍ മേഖലയെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ ദേശീയഗാനമാണ് ആലപിക്കാന്‍ അനുവദിച്ചതെന്ന് അസം മന്ത്രി അശോക് സിംഗാള്‍ ആരോപിച്ചു.
കഴിഞ്ഞദിവസം ബംഗ്ലാദേശിന്റെ നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനുസ് പാകിസ്താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ബംഗ്ലാദേശ് ഭൂപടത്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ കാണിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ട സമയത്താണ് അസമിലെ കോണ്‍ഗ്രസിന്റെ വിവാദ നീക്കം.
സംഭവം വിവാദമായതോടെ ബംഗാളി സംസ്‌കാരത്തെ ആഘോഷിക്കാനാണ് തങ്ങള്‍ ഈ ഗാനം ആലപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. ബംഗ്ലാദേശ് ദേശീയ ഗാനം ടാഗോറിന്റെ രചനയാണെന്നും അത് ആലപിക്കുന്നതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ് വാദിച്ചു. ബിജെപി ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നും അസം കോണ്‍ഗ്രസ് പറയുന്നു.
















