പമ്പ: ക്യൂ ഒഴിവാക്കി ശബരിമലയിൽ ദർശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഇടുക്കി പീരുമേട് റാണിക്കോവിൽ എസ്റ്റേറ്റ് സ്വദേശികളായ കണ്ണൻ (31), രഘു. ആർ (27) എന്നിവരാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ എത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് പ്രതികൾ കബളിപ്പിച്ച് പണം തട്ടിയത്.
ഒക്ടോബർ 18-ന് ഉച്ചയ്ക്ക് 12 മണിയോടെ, തിരക്ക് കാരണം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് മരക്കൂട്ടത്തു നിന്ന് നടന്നു വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ സമീപിച്ചു.കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് 10,000 രൂപ പ്രതികൾ കൈപ്പറ്റി. ശേഷം തീർത്ഥാടകരെ വാവര് നടയ്ക്ക് സമീപം എത്തിച്ചശേഷം പണവുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ പെർമിറ്റ് റദ്ദാക്കാൻ ദേവസ്വം ബോർഡിന് പോലീസ് കത്ത് നൽകും. അമിത തിരക്കുള്ള സമയങ്ങളിൽ ഡോളി തൊഴിലാളികൾ പണം വാങ്ങി ക്യൂവിൽ നിൽക്കാതെ ആളുകളെ ദർശനത്തിന് കൊണ്ടുപോകുന്നതായി മുൻപും പരാതികൾ ഉയർന്നിരുന്നു. ഡോളി ചുമക്കാതെ, ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇത്തരം ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
















