ഇടുക്കി: ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി അറസ്റ്റിൽ. നിറപേൽക്കട സ്വദേശി സുകുമാരൻ (64) ആണ് മരിച്ചത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശിനി തങ്കമ്മ (82) ആണ് സുകുമാരനെ കൊലപ്പെടുത്തിയത്. സുകുമാരനെ കൊല്ലാൻ ആസിഡ് കോട്ടയത്തുനിന്ന് കൊണ്ടുവന്നതാണെന്ന് തങ്കമ്മ സമ്മതിച്ചു.
സാമ്പത്തിക തർക്കത്തിനിടയിൽ പിതൃസഹോദരി തങ്കമ്മ സുകുമാരനുമേൽ ആസിഡ് ഒഴിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നിറപേൽക്കടയിലെ വീട്ടിൽവെച്ച് സുകുമാരന് നേരെ ആസിഡ് ആക്രമണമുണ്ടായത്. 82 വയസ്സുകാരിയായ പിതൃസഹോദരി തങ്കമ്മ തർക്കത്തിനിടയിൽ ആസിഡ് തലവഴി ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് സുകുമാരൻ മരിച്ചത്. കോട്ടയം പാലാ സ്വദേശിനിയായ തങ്കമ്മയും സുകുമാരനും തമ്മിൽ കാലങ്ങളായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. 20 ദിവസം മുൻപാണ് തങ്കമ്മ സുകുമാരന്റെ വീട്ടിൽ താമസിക്കാനെത്തിയത്. ഇവർ തമ്മിൽ പലതവണ തർക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് തങ്കമ്മ കുറ്റം സമ്മതിച്ചത്. സുകുമാരനെ അപായപ്പെടുത്താനായി ആസിഡ് കോട്ടയത്തുനിന്ന് കൊണ്ടുവന്നതാണെന്ന് തങ്കമ്മ സമ്മതിച്ചു. ആരോഗ്യസ്ഥിതി നേരെയാകുന്നതുവരെ തങ്കമ്മ ആശുപത്രിയിൽ തുടരും.
















