അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള കൂടിക്കാഴ്ചയെ ഉറ്റുനോക്കി ലോകം. കഴിഞ്ഞ മാസങ്ങളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ അയവുണ്ടാകുമോ എന്ന പ്രതീക്ഷ വിവിധ രാജ്യങ്ങൾ ഇതിനോടകം തന്നെ പ്രകടിപ്പിച്ചുകഴിഞ്ഞു.
ഇന്ന് ദക്ഷിണ കൊറിയയിലെ ബുസാനിൽ കൂടിക്കാഴ്ച നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള മഹത്തായ കരാറിൽ ഒപ്പുവെക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് തന്നെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടിയ്ക്കിടെ പറഞ്ഞിരുന്നു.
വ്യാപാര കരാറിൽ ധാരണയാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇരു നേതാക്കളും തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ വിഷയങ്ങളിൽ ആഴത്തിൽ ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
















