കപ്പ പുഴുങ്ങിയതും വേവിച്ചുമൊക്കെ കഴിച്ചവർ കപ്പകൊണ്ടുള്ള പുത്തനൊരു വിഭവം രുചിച്ച് കാണില്ല. ഫുഫു, ആഹാ പേരുപോലെ തന്നെ ചൂടോടെ ഫുഫു എന്ന് ഊതി കഴിക്കേണ്ട വിഭവമാണിത്. ഇത് നാടൻ രുചിയല്ല, ആഫ്രിക്കയിലെ പരമ്പരാഗത വിഭവമാണ്. കാഴ്ചയിൽ പശപോലെ വലിഞ്ഞിരിക്കുമെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.
പ്പയുടെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി കൊത്തി അരിഞ്ഞ് എടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം പാൻ വച്ച് ഈ കപ്പ മിശ്രിതം ചേർത്ത് നന്നായി ഇളക്കികൊടുക്കാം. കൈ എടുക്കാതെ ഇളക്കണം. വെള്ളമയം പോയി നന്നായി കുറുകി വരും.
ഇളക്കി എടുക്കാൻ പ്രയാസമാണെങ്കിലും നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പാത്രത്തിൽ നിന്നും മിശ്രിതം വേറിട്ട് വരുന്നിടം വരെ മിക്സ് ചെയ്യണം. സ്റ്റിക്കി പരുവം ആകുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം. ചൂടോടെ പാത്രത്തിലേക്ക് എടുത്ത് തിളച്ചപാടെ കറി കൂട്ടി കഴിക്കുന്ന വിഭവമാണിത്. ബീഫിന്റെയൊ മീനിന്റെയോ ചിക്കന്റെയോ കൂടെ കഴിക്കാവുന്നതാണ് ഫുഫു.
















