സാമ്പാർ ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല ചോറിനും നല്ല കോമ്പിനേഷനാണ്. രാവിലെ വച്ചാൽ വൈകുന്നേരം ആകുമ്പോൾ സാമ്പാർ ചീത്തയാകും എന്നാണ് മിക്കവരും പറയുന്നത്. എന്നാൽ ഇനി ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ, സാമ്പാർ കുറച്ചധികം ദിവസം കേടാകാതെ സൂക്ഷിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
സാമ്പാർ ഉണ്ടാക്കുവാനായി തുവരപരിപ്പ് വേവിക്കുമ്പോൾ ഇത്തിരി ഉലുവ കൂടി ചേർത്തു കൊടുത്താൽ പെട്ടെന്ന് കേടാവാതെയിരിക്കും. അധികം വെണ്ടയ്ക്ക് ഇടാതെയും നോക്കാം. സാമ്പാർ ഫ്രിജിൽ വയ്ക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം. സാമ്പാറിലെ ഉരുളകിഴങ്ങുകൾ എടുത്തു മാറ്റുക, ശേഷം ചെറുതീയിൽ ചൂടാക്കി വയ്ക്കുക.
കൂടാതെ രണ്ടുമൂന്നു ദിവസത്തേയ്ക്ക് സാമ്പാർ കേടാകാതെ സൂക്ഷിക്കണമെങ്കിൽ സാമ്പാറിന്റെ ചൂട് മാറിയതിനു ശേഷം മൂന്നു പാത്രങ്ങളിലാക്കി അടച്ച് ഫ്രിജിൽ വയ്ക്കാം. ഇടക്ക് തവി ഉപയോഗിച്ച് ഇളക്കിയതിനു ശേഷം വീണ്ടും ഫ്രിജിൽ വയ്ക്കരുത്. അന്നന്നുള്ള ആവശ്യത്തിന് സാമ്പാർ ഫ്രിജിൽ നിന്ന് എടുക്കാവുന്നതാണ്.
















