വിദേശ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവരാണ് ഇന്നേറെയും. നല്ല തൊഴിലവസരങ്ങളും ജീവിത സാഹചര്യവുമാണ് പലരെയും വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. കാനഡയാണ് ഭാവി ശോഭനമാകുവാൻ പലരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇനി കാനഡയിലേക്ക് ആരെയും അയയ്ക്കരുതെന്ന മുന്നറിയിപ്പുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറായ കുശാല്‍ മെഹ്‌റ. രവീന്ദ്ര സിങ് മഹീന്ദ്രയുടെ പോഡ്കാസ്റ്റിലാണ് കുശാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
കുശാല്‍ മെഹ്‌റ പറയുന്നു;
കാനഡയിലെ കുടിയേറ്റ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നും രാജ്യത്ത് ജനത്തിരക്ക്, പാര്‍പ്പിട ക്ഷാമം, ജോലി സമ്മര്‍ദ്ദം എന്നിവ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കുശാല്‍ വ്യക്തമാക്കുന്നു. ‘നിരവധി ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദയവായി നിങ്ങളുടെ കുട്ടികളെ ഇപ്പോള്‍ കാനഡയിലേക്ക് അയയ്ക്കരുത്! കാനഡ കുടിയേറ്റ പ്രതിസന്ധികളും നേരിടുന്നു.
നിരവധി വ്യാജ കോളേജുകളാണ് കാനഡയിലേക്ക് എളുപ്പത്തില്‍ പ്രവേശനം നേടാമെന്നും സ്ഥിര താമസത്തിനുള്ള വഴി കാട്ടാമെന്നും വാഗ്ദാനം ചെയ്ത് രംഗത്തെത്തുന്നത്. ദയവായി ഏജന്റുമാര്‍ വഴിയോ വ്യാജ കോളേജുകള്‍ വഴിയോ കാനഡയിലേക്ക് വരരുത്. വാട്ടര്‍ലൂ, യോര്‍ക്ക, വെസ്‌റ്റേണ്‍ തുടങ്ങിയ പ്രശ്‌സതമായ സര്‍വകലാശാലകളിലാണ് ലഭിക്കുന്നതെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. മോശമായി കൈകാര്യം ചെയ്ത കുടിയേറ്റ നയങ്ങളും അവയുടെ ഒഴുക്കിനെ ഉള്‍ക്കൊള്ളാന്‍ പാടുപ്പെടുന്ന സമ്പത്ത് വ്യവസ്ഥയുമാണ് കാനഡയ്ക്കുള്ളത്. കൊവിഡിനോട് അനുബന്ധിച്ച് തൊഴില്‍ക്ഷാമം പരിഹരിക്കാനാണ് ഈ മാറ്റം കൊണ്ടുവന്നതെങ്കിലും ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം രാജ്യത്തുണ്ടാക്കി.
വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ പ്രയാസമായി. ഇപ്പോള്‍ ഗ്രേറ്റര്‍ ടൊറന്റോയില്‍ ഒരു മുറി വാടകയ്ക്ക് എടുക്കാനായി 1200 യുഎസ് ഡോളര്‍ വേണം.
ഇതിന് പുറമേ മനുഷ്യകടത്തും ലൈംഗിക ചൂഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണത്തിന് ഇരയായ 13 പെണ്‍കുട്ടികളെയാണ് ഇന്ത്യയിലേക്ക് തിരിച്ചു വിട്ടത്. ടൊറന്റോയില്‍ മാത്രം 4000 ത്തിന് മുകളില്‍ പെണ്‍കുട്ടികള്‍ സെക്‌സ് ട്രേഡില്‍ കുരുങ്ങി കിടപ്പുണ്ട്.
















