കൊച്ചി കോയ എന്ന വിഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?. പേരില്‍ കൊച്ചി ഉണ്ടെങ്കിലും ഈ വിഭവം കൊച്ചിക്കാരുടേതല്ല, കോഴിക്കോടാണ് ഇതിന്‍റെ സ്വദേശം, താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളില്‍ നിന്നാണ് ഇത് വന്നത്. വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒത്തുചേരുന്ന സമയത്ത് ഉണ്ടാക്കാൻ പറ്റുന്ന ഒരു മധുരമൂറും വിഭവമാണിത്.
വേണ്ട സാധനങ്ങള്‍
ചെറിയ പഴം, നന്നായി പഴുത്തത് – 5-6 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ശര്‍ക്കര – 1 ആണി
ചെറിയുള്ളി – 8 എണ്ണം
ഇഞ്ചിനീര് – 1 സ്പൂണ്‍
ചെറുനാരങ്ങാനീര് – 1 സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
തേങ്ങാപ്പാല്‍ – 1 കപ്പ്
പശുവിന്‍ പാല്‍ – 1 കപ്പ്
പഞ്ചസാര – 2 സ്പൂണ്‍
അവില്‍ – 1 കപ്പ്
തയാറാക്കുന്ന വിധം
പഴം തൊലി കളഞ്ഞ ശേഷം, ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് മിക്സ് ചെയ്യുക. ശര്‍ക്കര പൊടിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയുള്ളി ഇട്ട് കൈ കൊണ്ട് തിരുമ്മി എടുക്കുക. ഇതും പഴം-പഞ്ചസാര മിക്സും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഇഞ്ചിനീര്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് തേങ്ങാപ്പാലും പശുവിന്‍ പാലും ചേര്‍ത്ത് എല്ലാംകൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അവില്‍ റെഡിയാക്കാം. അതിനായി അടുപ്പത്ത് ഒരു പാന്‍ വച്ച് അതിലേക്ക് അല്‍പ്പം നെയ്യ് ഒഴിച്ച് ചൂടാക്കി, അതിലേക്ക് അവില്‍ ഇട്ടു ഇളക്കി എടുക്കുക. ഇതിനു മുകളിലേക്ക് നേരത്തെ തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് കഴിക്കാം. കൊച്ചിക്കോയ റെഡി!
















