യുഎസ്സിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ ആശ്രിതർക്കും കനത്ത പ്രഹരമേകി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (DHS) തൊഴിൽ അനുമതി രേഖകളുടെ (EAD – Employment Authorization Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അവസാനിപ്പിച്ചു. 2025 ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം, നിശ്ചിത സമയത്തിനുള്ളിൽ പുതുക്കൽ അംഗീകാരം ലഭിക്കാത്ത വിദേശ തൊഴിലാളികളെ ഉടൻ ജോലി നിർത്താൻ നിർബന്ധിതരാക്കും.
പുതിയ നിയമപ്രകാരം, 2025 ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ അപേക്ഷിക്കുന്നവർക്ക് ഇനിമുതൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ല. മുൻപ്, പുതുക്കൽ അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയാണെങ്കിൽ, തൊഴിലാളികൾക്ക് 540 ദിവസം വരെ നിയമപരമായി ജോലിയിൽ തുടരാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, ഈ സംരക്ഷണം ഇതോടെ ഇല്ലാതാവുകയാണ്. നിലവിലെ EAD കാലാവധി തീരുന്നതിന് മുൻപ് തന്നെ പുതുക്കൽ അപേക്ഷക്ക് അംഗീകാരം ലഭിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടും. കൂടുതൽ കാര്യക്ഷമമായ പരിശോധനയും (Vetting) സുരക്ഷാ സ്ക്രീനിംഗും ഉറപ്പാക്കുകയാണ് നിയമം മാറ്റിയതിലൂടെ DHS ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
- ഇത് ഇന്ത്യക്കാരെ ബാധിക്കുന്നതെങ്ങനെ?
യുഎസ്സിലെ വിദേശ തൊഴിലാളി സമൂഹത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളാണ്. ഗ്രീൻ കാർഡ് ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഈ നീക്കം വലിയ പ്രതിസന്ധിയാകും. പ്രധാനമായും, H-4 വിസയുള്ള പങ്കാളികൾ, H-1B വിസ ഉടമകൾ, STEM OPT എക്സ്റ്റൻഷനിലുള്ള വിദ്യാർത്ഥികൾ, കൂടാതെ ഗ്രീൻ കാർഡ് അപേക്ഷകളായ ‘Adjustment of Status’ തീർപ്പാകാത്തവർ എന്നിവരെയാണ് പുതിയ നിയമം സാരമായി ബാധിക്കുക. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അപേക്ഷകൾ തീർപ്പാക്കാൻ എടുക്കുന്ന 3 മുതൽ 12 മാസം വരെയുള്ള കാലയളവിൽ, പലർക്കും നിർബന്ധിതമായി തൊഴിൽ ഇടവേളകൾ എടുക്കേണ്ടി വരും.
ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ, നിലവിലെ EAD കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുൻപ് തന്നെ പുതുക്കൽ അപേക്ഷ ഫയൽ ചെയ്യണമെന്ന് USCIS നിർദ്ദേശിച്ചു. എന്നാൽ, കൃത്യസമയത്ത് അപേക്ഷിച്ചാൽ പോലും, USCIS-ന്റെ പ്രോസസ്സിംഗ് കാലതാമസം കാരണം പലർക്കും ജോലിയിൽ നിന്ന് പുറത്തുപോകേണ്ട അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു. ‘Temporary Protected Status (TPS)’ പോലുള്ള ചില വിഭാഗക്കാർക്ക് മാത്രമേ പുതിയ നിയമത്തിൽ നിന്ന് ഇളവുള്ളൂ.
















