കേരള മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ഒരു കൊടും ക്രൂരതയ്ക്ക് ഒടുവിൽ നിയമം അറുതി അറുതിവരുത്തിയിരിക്കുകയാണ്. 2013-ൽ കേരള മനഃസാക്ഷിയെ ഞെട്ടിച്ച, അഞ്ചര വയസ്സുകാരി അദിതി എസ്. നമ്പൂതിരിയുടെ ദാരുണമായ കൊലപാതക കേസിൽ, അവളുടെ അച്ഛനും രണ്ടാനമ്മയ്ക്കും ഒടുവിൽ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പത്തു മാസക്കാലം നീണ്ട കൊടിയ പീഡനത്തിന്റെ ഇരുണ്ട ഓർമ്മകളാണ് ഈ വിധിയിലൂടെ നീതി ലഭിച്ചത്.
ശ്രീജ അന്തർജനമെന്ന അമ്മയുടെ അകാല വിയോഗത്തിനു ശേഷം, അദിതിയുടെ ജീവിതം കൊടിയ ദുരന്തം ആയിരുന്നു. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രണ്ടാനമ്മ ദേവിക എന്ന റംലത്ത് ബീഗത്തിന്റെയും കൊടും ക്രൂരതകൾക്കിരയായ ആ പിഞ്ചുബാല്യം 2012 ജൂൺ മുതൽ 2013 ഏപ്രിൽ വരെ നരകയാതന അനുഭവിച്ചു. പത്തു മാസക്കാലം, മതിയായ ഭക്ഷണമില്ലാതെ പട്ടിണിക്കിടുകയും കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചര വയസ്സുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വെളിപ്പെടുത്തിയത് ഹൃദയം തകർക്കുന്ന യാഥാർഥ്യങ്ങൾ ആയിരുന്നു. വയറ്റിൽ ഉണ്ടായിരുന്നത് മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് കഴിച്ച മാമ്പഴത്തിന്റെ ചെറിയൊരു അവശിഷ്ടം മാത്രം. മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും, മലമൂത്രവിസർജനം പോലും തടസ്സപ്പെട്ട്, തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത ക്രൂരതകൾ ശരീരത്തിൽ, പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ, 19 മുറിവുകൾ ഉണ്ടായിരുന്നു. കൈ ഒടിഞ്ഞിട്ടും ചികിത്സ നിഷേധിച്ചും, സ്കൂൾ പഠനം മുടക്കിയും, ആ കുഞ്ഞിന്റെ ജീവിതത്തിൽ കടുത്ത യാതനകളാണ് അവർ നൽകിയത്.
കണ്ണീരിൽ കുതിർന്ന ഓർമ്മകളും ഭീതി നിറഞ്ഞ ബാല്യവും പേറി ജീവിക്കുന്ന ഒരു സഹോദരനും കൂടിയാണ് ഇന്നത്തെ കോടതിവിധി ആശ്വാസമായത്. സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ദേവികയുടെയും ക്രൂരതകൾ അനുഭവിച്ച മറ്റൊരു ഇര കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു അദിതിയുടെ സഹോദരൻ അരുൺ എസ്. നമ്പൂതിരി. മരക്കഷ്ണം ഉപയോഗിച്ചും കൈകൾകൊണ്ടും ഇരുവരും നിരന്തരമായി മർദിച്ചിരുന്നു. അതുപോലെ സ്കൂളിൽ പോകാൻ അനുവദിക്കാതിരിക്കുക, പോകുമ്പോൾ വേദം പഠിക്കാൻ പോയതാണെന്ന് മാത്രമേ സ്കൂളിൽ പറയാവൂ എന്ന് രണ്ടാനമ്മ ഭീഷണിപ്പെടുത്തുക തുടങ്ങിയ മാനസിക പീഡനങ്ങളും അരുൺ നേരിട്ടു. അദിതിയുടെ മരണശേഷം, സഹോദരൻ അരുൺ നൽകിയ മൊഴികളാണ് കേസിൽ നിർണ്ണായകമായ പല തെളിവുകളിലേക്കും പോലീസിനെ എത്തിച്ചത്.
പ്രതികൾക്ക് കൊലപാതക കുറ്റം ചുമത്താതെ, കുട്ടികളെ ‘നന്നായി വളർത്താൻ’ നൽകിയ ശിക്ഷയാണിതെന്ന വിചാരണ കോടതിയുടെ വിധി, നീതിയോടുള്ള കടുത്ത അവഗണനയായി മാറി. വെറും മൂന്ന് വർഷത്തെ കഠിന തടവും പിഴയും മാത്രമായിരുന്നു അച്ഛന് ലഭിച്ചത്. ഈ വിധിക്ക് എതിരെ സർക്കാർ നൽകിയ അപ്പീലാണ് കേസിന്റെ ഗതി മാറ്റി മറിച്ചത്. “കൊലപാതകം” എന്ന ഗുരുതരമായ കുറ്റം ചുമത്തി ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ചു. ഒടുവിൽ, ഈ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവികയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരുവർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
വിധി പ്രസ്താവത്തിന് മുന്നോടിയായി പ്രതികളെ ഹാജരാക്കാൻ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചതോടെ, നടക്കാവ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് ഇരുപ്രതികളും പൊലീസ് പിടിയിലായത്. “കൊലപാതകം ചെയ്തിട്ടില്ല” എന്ന് വിധി പ്രഖ്യാപനത്തിനിടെ ദേവിക കോടതിയിൽ പറഞ്ഞെങ്കിലും, തെളിവുകളും നിയമവും ആ വാദത്തെ തള്ളിക്കളഞ്ഞു. പാലക്കാട്ടെ പൂജാരിയാണെന്നും അപസ്മാര ബാധിതനാണെന്നുമുള്ള സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ വാദവും കോടതി പരിഗണിച്ചില്ല.
മാനുഷികതയുടെ അവസാന കണികയും ചോർന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ ക്രൂരതയ്ക്ക് ഒടുവിൽ നിയമം തക്കതായ മറുപടി നൽകിയിരിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാൻ, നീതിയുടെ ഈ വിധി ഒരു ഓർമ്മപ്പെടുത്തലായി നിലനിൽക്കും.
















