തൃശ്ശൂരിൽ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിന് പിന്നാലെ യുവതി എട്ടാം മാസത്തിൽ പ്രസവിച്ചു. പ്രസവത്തോടെ കുഞ്ഞ് മരിക്കുകയും തുടർന്ന് യുവതി മൃതദേഹം ക്വാറിയില്‍ തള്ളുകയും ചെയ്തു. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്‌നയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഒക്ടോബര് 10 നായിരുന്നു സംഭവം. സ്വപ്ന ഗർഭിണി ആണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് യുവതി എട്ടാം മാസം ആയപ്പോൾ ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചത്.
ഗുളിക കഴിച്ചു മൂന്നാം ദിവസം യുവതി പ്രസവിക്കുകയായിരുന്നു. പ്രസവത്തോടെ മരിച്ച കുഞ്ഞിനെ തന്റെ സഹോദരന്റെ കയ്യിൽ കൊടുക്കുകയും പാലക്കാട് ജില്ലയിലെ ക്വാറിയില്‍ കൊണ്ടിടുകയും ചെയ്‌തെന്നാണ് മൊഴി. പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം യുവതി അമിത രക്തസ്രാവത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ ചെറുതുരുത്തി പോലീസില്‍ വിവരമറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങള്‍ നിറച്ച സഞ്ചിയിലിട്ടാണ് ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ നിന്ന് മനസിലായി. തുടർന്ന് സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
















