അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യഷ് ചിത്രം ടോക്സികിന്റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സംവിധായിക ഗീതുമോഹന്‍ദാസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് യഷ് ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്’ എന്ന ചിത്രം അനിശ്ചിതമായി നിര്‍ത്തിവെച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ സിനിമ നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.
അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നിന് ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
‘ടോക്‌സിക്’ നിര്‍ത്തിവെക്കുകയോ വൈകുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി നിരൂപകനും നിരീക്ഷകനുമായ തരണ്‍ ആദര്‍ശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പ് റീ- ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കെവിഎന്‍ തീയതി റിലീസ് തീയതി ആവര്‍ത്തിച്ചത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായികയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ചിത്രം അനന്തമായി നിര്‍ത്തിവെച്ചുവെന്നായിരുന്നു നേരത്തെ കന്നഡ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രത്തിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്നും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഗീതു ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ യഷ് തൃപ്തനല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചുവെന്നും ഉഗാദി ആഘോഷത്തോട് അനുബന്ധിച്ച് റിലീസ് ഉണ്ടാവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ. നാരായണ, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഒരേ സമയം തെലുങ്കിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രമെത്തും. 2022-ല്‍ പുറത്തിറങ്ങിയ പ്രശാന്ത് നീല്‍ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ 2’-ന് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ടോക്‌സിക്’.
















