ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നല്കുമെന്ന് മോദി പറഞ്ഞു. ബീഹാറിലെ ഇത്തവണത്തെ വാർത്ത കോൺഗ്രസിനും ആർജെഡിക്കും ഇടയിലെ ഭിന്നതയാണ്. പ്രാദേശിക തലത്തിൽ രണ്ടു പാർട്ടികളും ഏറ്റുമുട്ടുകയാണ്. എന്നാൽ ഇല്ലാത്ത സൗഹൃദം അധികാരത്തിനു വേണ്ടി തേജസ്വിയും രാഹുലും പ്രകടിപ്പിക്കുന്നു. ഇത് ബീഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമെന്നും മോദി പറഞ്ഞു.ബീഹാറിലെ മുസഫർപൂരിലാണ് നരേന്ദ്ര മോദി കോൺഗ്രസ് ആർജെഡി സഖ്യം ഛഠ് പൂജയെ അപമാനിച്ചെന്ന് ആരോപണം ഉയർത്തിയത്.
ബീഹാറിൽ വീണ്ടും എൻഡിഎ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസും ആർജെഡിയും ബീഹാറിലെ ജനങ്ങൾക്ക് നൽകിയതു വഞ്ചനയും വാഗ്ദാനങ്ങളുമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വോട്ടിനു വേണ്ടിയാണ് മോദി ഛഠ് പൂജ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വോട്ട് കിട്ടിയാൽ മോദി ഡാൻസ് കളിക്കാനും തയ്യാറാകുമെന്നും രാഹുൽ പരിഹസിച്ചിരുന്നു. നരേന്ദ്ര മോദിയുടെ വാക്കുകൾ ബീഹാറിലെ ജനം തള്ളുമെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുലിൻറെ പ്രസ്താവന മോദി വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
STORY HIGHLIGHT : PM Modi on Rahul Gandhi’s ‘Chhath Pooja comment
















