ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായ ദുലര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പട്‌നയിലെ മൊകാമ മേഖലയിലാണ് സംഭവം. ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി പിയൂഷ് പ്രിയദര്‍ശിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ദുലര്‍ചന്ദ് യാദവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രചാരണത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടാവുകയായിരുന്നു. കാറിനകത്തു വച്ചാണ് ദുലര്‍ചന്ദ് യാദവിന് വെടിയേറ്റത്.
രണ്ടു പാര്‍ട്ടികളുടെ വാഹനറാലി കടന്നുപോകുമ്പോള്‍ ഇരുഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു.സ്ഥലത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൊകാമ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജെഡിയുവിലെ അനന്ത് സിങ് ആണ് മത്സരിക്കുന്നത്. വീണാ ദേവിയാണ് ആര്‍ജെഡി സ്ഥാനാര്‍ഥി. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസമായ നവംബര്‍ ആറിനാണ് മൊകാമ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്.
STORY HIGHLIGHT : days-ahead-of-bihar-polls-jan-suraaj-party-supporter-found-dead-under-mysterious-circumstances
















