ശബരിമല സ്വർണക്കൊളളക്കേസിലെ പ്രതിയായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടി ലഭിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും പോറ്റിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയേക്കും. തുടർന്നാവും സന്നിധാനത്ത് എത്തിച്ചുളള തെളിവെടുപ്പ്.
നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് പോറ്റി. നരേഷ്, ഗോവർധൻ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും എന്നാണ് വിവരം. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.
സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു
















