സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 263 പേർ അറസ്റ്റിൽ. 382 കേസുകൾ രജിസ്റ്റർ ചെയ്തു. 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതു വരെ സംസ്ഥാനത്ത് നടന്നെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ഓപ്പറേഷൻ സൈ ഹണ്ട് എന്ന പേരിലാണ് കേരള പോലീസിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് റൈഡ് നടത്തിയത്.
കേരള പൊലീസ് സൈബർ ഓപ്പറേഷന്റെയും റെയിഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും മേൽനോട്ടത്തിലാണ് റെയ്‌ഡ് നടന്നത്.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷനുകൾ കൈപ്പറ്റിയവരെയും ആണ് അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ 382 കേസുകൾ രജിസ്റ്റർ ചെയ്തു. 263 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നിന്ന് വിവരങ്ങൾ എടുത്ത് വിശദമായ തെളിവുകൾ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള ജാഗ്രത തുടർന്നും ഉണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.
അക്കൗണ്ടിലേക്ക് അറിയാതെ പണം വന്ന ഉടമകളെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത 125 പേർക്ക് നോട്ടീസ് നൽകി. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2,683 പേരെയും എടിഎം വഴി പണം പിൻവലിച്ച 361 പേരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ ശേഖരിച്ചു.
















