കണ്ണൂർ: ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ കേരളത്തിൽനിന്നുള്ള ആദ്യ കളിക്കാരനായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച രാവിലെ അദ്ദേഹം വിടവാങ്ങിയത്.1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു. വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ ഹോളണ്ടിനെ പരാജയപ്പെടുത്തി. 1978 ലോകകപ്പിൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി ഗോൾവലയം കാത്തു. കായികരംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം 2019-ൽ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചു. 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ വിജയിപ്പിച്ച ഗോൾകീപ്പർ എന്ന ബഹുമതി ഇദ്ദേഹത്തിനു സ്വന്തമാണ്.
ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബെംഗളൂരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങൾ: മേരി ജോൺ, സ്‌റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി.
















