പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പി.എം. ശ്രീയെക്കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശങ്ങൾ അജ്ഞതയുടെയും രാഷ്ട്രീയ അവസരവാദത്തിന്റെയും പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലൂടെ പ്രിയങ്ക വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും രാജ്യത്തെ വിദ്യാഭ്യാസ വിദഗ്ധരോടുള്ള അനാദരവാണിതെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
പഴയ രാഷ്ട്രീയ രാജവംശങ്ങളുടെ അംഗീകാരം ആവശ്യമില്ലാത്ത ഒരു ഇന്ത്യ എന്ന ആശയത്തെയാണ് പ്രിയങ്ക എതിർക്കുന്നതെന്നും പതിറ്റാണ്ടുകളായി വിദ്യാഭ്യാസം രാഷ്ട്രീയ വാചാടോപവും അവഗണനയുമായി ചുരുങ്ങിയതിൽ പ്രകടമായ അസ്വസ്ഥതയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ശാക്തീകരിക്കുന്നത് പ്രത്യയശാസ്ത്രപരമാണെങ്കിൽ രാഷ്ട്രനിർമ്മാണമാണ് ആ പ്രത്യയശാസ്ത്രമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിഎം ശ്രീയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം പി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോളും വ്യക്തതയില്ലെന്നും രണ്ട് വള്ളത്തില്‍ കാലുവെയ്ക്കരുതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിയണമെന്നും നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
















