ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. 2020 ജൂൺ 14-ന് മുംബൈയിലെ അപ്പാർട്ട്‌മെൻ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണെന്ന ഔദ്യോഗിക നിഗമനം തള്ളിക്കളഞ്ഞുകൊണ്ട് സഹോദരി ശ്വേത സിംഗ് കീർത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അമേരിക്കയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള രണ്ട് psychics (മനഃശക്തി ഉപയോഗിച്ച് കാര്യങ്ങൾ അറിയുന്നവർ) സുശാന്തിനെ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് തന്നോട് പറഞ്ഞതായി ശ്വേത വെളിപ്പെടുത്തി. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
സുശാന്തിന്റെ മരണം എങ്ങനെ ആത്മഹത്യയാകുമെന്നാണ് ശ്വേത ആവർത്തിച്ച് ചോദിക്കുന്നത്. സംഭവസ്ഥലത്തെ സാഹചര്യങ്ങൾ അവർ സംശയത്തോടെ ചോദ്യം ചെയ്തു. “ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. അവിടെ തീരെ സ്ഥലമില്ലായിരുന്നു” എന്ന് ശ്വേത ചൂണ്ടിക്കാട്ടി. ആത്മഹത്യ ചെയ്യുന്നവർ സ്റ്റൂൾ ഉപയോഗിക്കുമെങ്കിലും അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല. കൂടാതെ, “ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു ദുപ്പട്ടയുടെ പാടുകളായി തോന്നുന്നില്ല. ഉപയോഗിച്ച വസ്തു ഒരു തുണി പോലെയുള്ള അടയാളമല്ല ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയാണ്” എന്നും അവർ സംശയം പ്രകടിപ്പിച്ചു.
അതേസമയം, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ (സിബിഐ) ഔദ്യോഗിക റിപ്പോർട്ടിൽ കൊലപാതക സാധ്യതകളൊന്നും പറയുന്നില്ല. സുശാന്തിനെ ആരെങ്കിലും നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയോ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവുകളില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നടി റിയ ചക്രബർത്തി സുശാന്തിൻ്റെ പണം തട്ടിയെടുത്തതിനും തെളിവുകൾ കണ്ടെത്താനായില്ല; പകരം സുശാന്ത് റിയയെ കുടുംബാംഗത്തെപ്പോലെയാണ് കണ്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സുശാന്തിന്റെ കുടുംബം സിബിഐയുടെ ഈ റിപ്പോർട്ടിലെ നിഗമനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. “ഇതൊരു കൺകെട്ട് മാത്രമാണ്” എന്ന് വിശേഷിപ്പിച്ച കുടുംബത്തിൻ്റെ അഭിഭാഷകനായ വരുൺ സിംഗ്, സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ കേസ് രേഖകൾ സമർപ്പിക്കുമായിരുന്നു എന്ന് പറഞ്ഞു. തെറ്റായ ദിശയിൽ നടന്ന അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ടിനെതിരെ ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുശാന്തിന്റെ മരണം വലിയ മാധ്യമ കോലാഹലങ്ങൾക്കും മുംബൈ പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), സിബിഐ എന്നിവയുടെ നേതൃത്വത്തിൽ ഒന്നിലധികം അന്വേഷണങ്ങൾക്കും വഴിവെച്ചിരുന്നു.
















