ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾക്കാണ് നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വനിതാ ലോകകപ്പിൽ തോൽവിയറിയാത്ത ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം, ഇന്ത്യ ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഈ ചരിത്രവിജയം സാധ്യമാക്കിയത് ജെമീമ റോഡ്രിഗസ് എന്ന താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയായിരുന്നു. 134 പന്തുകളിൽ നിന്ന് 14 ബൗണ്ടറികളോടെ ജെമീമ നേടിയ 127 റൺസ് ആണ് ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചത്.
മത്സരശേഷം ജെമീമ നടത്തിയ വൈകാരികമായ തുറന്നുപറച്ചിലുകൾ ശ്രദ്ധേയമാവുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. വിജയത്തിന് തൊട്ടുപിന്നാലെ പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ താരം, ടൂർണമെന്റിലുടനീളം താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ചും ഉത്കണ്ഠയെക്കുറിച്ചും തുറന്നുപറഞ്ഞു. “പ്രയാസകരമായ ഈ സമയങ്ങളിൽ വിശ്വാസമാണ് എനിക്ക് കരുത്ത് നൽകിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ബൈബിളിൽ നിന്നുള്ള വചനങ്ങൾ ഞാൻ ആവർത്തിച്ച് ചൊല്ലി. ഞാനൊറ്റയ്ക്കായിരുന്നില്ല കളിച്ചത്; യേശു എന്നോടൊപ്പമുണ്ടായിരുന്നു. അവനാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. ഈ ടൂർണമെന്റിലുടനീളം മിക്കവാറും എല്ലാ ദിവസവും ഞാൻ കരഞ്ഞിട്ടുണ്ട്. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠയുണ്ടായിരുന്നു. തളർന്നുപോയപ്പോൾ പിന്തുണ നൽകിയ സഹതാരങ്ങൾക്കും പിതാവിനും പരിശീലകനും ദൈവത്തിനും നന്ദി,” നിറകണ്ണുകളോടെ ജെമീമ പറഞ്ഞു.
ഈ വിജയത്തിളക്കത്തിനൊപ്പം, ജെമീമയുടെ കുടുംബവുമായി ബന്ധപ്പെട്ട മുൻവിവാദവും വീണ്ടും ചർച്ചയായി. കഴിഞ്ഞ വർഷം മുംബൈയിലെ ജിംഖാന ക്ലബ്ബിൽ നിന്ന് ജെമീമയുടെ അംഗത്വം റദ്ദാക്കിയ സംഭവമായിരുന്നു അത്. ക്ലബ്ബിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി, ജെമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് മതപരമായ പ്രവർത്തനങ്ങൾക്കായി ക്ലബ്ബിന്റെ സൗകര്യങ്ങൾ ഉപയോഗിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു ക്ലബ്ബ് അംഗങ്ങളുടെ ആരോപണം. ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുമായി ബന്ധമുള്ള ഇവാൻ റോഡ്രിഗസ്, ഒന്നര വർഷത്തിനിടെ 35 ഓളം മതപരമായ സമ്മേളനങ്ങൾ ക്ലബ്ബിന്റെ പ്രസിഡൻഷ്യൽ ഹാളിൽ നടത്തിയതായി കണ്ടെത്തി. തുടർന്ന്, 2024 ഒക്ടോബർ 20-ന് ക്ലബ്ബ് അംഗങ്ങൾ പ്രമേയം പാസാക്കി ജെമീമ റോഡ്രിഗസിന്റെ മൂന്ന് വർഷത്തെ ഓണററി അംഗത്വം റദ്ദാക്കുകയായിരുന്നു.എന്നാൽ, ക്ലബ്ബിന്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ റോഡ്രിഗസ് അന്ന് വ്യക്തമാക്കിയിരുന്നു.
ഈ വാർത്തകൾ പുറത്തുവന്നതോടെ ജെമീമ റോഡ്രിഗസ് സൈബർ ആക്രമണത്തിനും കടുത്ത ട്രോളിങ്ങിനും ഇരയായിരുന്നു. സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ ഹാൻഡിലുകളിലും താരത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തും പരിഹസിച്ചുമുള്ള പോസ്റ്റുകൾ നിറഞ്ഞു. എന്നാൽ, ചരിത്രത്തിൽ ഇടം നേടിയ തകർപ്പൻ ഇന്നിംഗ്സിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെ താരത്തിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മുൻപ് ട്രോളിയ പലരും ഇപ്പോൾ താരത്തെ വാനോളം പുകഴ്ത്തുകയും മാപ്പ് പറയുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ജെമീമയുടെ ഈ സെഞ്ച്വറി, വിമർശനങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ചുള്ള വിജയമായി ക്രിക്കറ്റ് ലോകം ആഘോഷമാക്കുകയാണ്.
















