ഇന്ത്യൻ ടെലിവിഷൻ സ്‌ക്രീനുകളെ മൂന്നു പതിറ്റാണ്ടു കാലത്തോളം അടക്കിഭരിച്ച നായിക. അതായിരുന്നു നുപുര്‍ അലങ്കാര്‍. ശക്തിമാനില്‍ (1997) ഒരു സിനിമാ ഗോസിപ്പ് ലേഖികയായ കാമിനി എന്ന കഥാപാത്രത്തെയാണ് നുപുര്‍ അവതരിപ്പിച്ചത്. രേതില്‍ (2004) ദേവയാനി സമര്‍ പാണ്ഡെയായും, ഘര്‍ കി ലക്ഷ്മി ബേട്ടിയാനില്‍ (2006) ഹല്‍ക്കി ഗരോഡിയയായും, അഗ്‌ലേ ജനം മോഹേ ബിത്യാ ഹി കിജോയില്‍ (2009) മഞ്ജരി പ്രസാദായും, യേ പ്യാര്‍ നാ ഹോഗാ കമ്മില്‍ (2009) മിസിസ് ശുക്ലയായും, ദിയാ ഔര്‍ ബാത്തി ഹമ്മില്‍ (2011) കിസ്നയായും, ഭാഗേ രേ മന്നില്‍ (2015) അഞ്ജലി അശോക് അവാസ്തിയായും അവര്‍ വേഷമിട്ടു. ഗംഗ (2015), പഹേല്‍ ഏക് നയി സുബഹ് (2018) എന്നിവയിലും നുപുര്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ കരിയര്‍ ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിക്കുകയും മൂന്ന് വര്‍ഷത്തോളം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇപ്പോള്‍ അവര്‍ ‘പീതാംബര മാ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പിഎംസി ബാങ്ക് തട്ടിപ്പ് മൂലം സമ്പാദ്യം നഷ്ടമായതും അമ്മയുടേയും സഹോദരിയുടേയും മരണവുമാണ് തന്നെ സന്ന്യാസം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നുപുര്‍ പറയുന്നു. ടെല്ലി ടോക്ക് ഇന്ത്യക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം നിങ്ങള്‍ക്ക് ഗൂഗിളില്‍ കണ്ടെത്താനാകും. ജീവിതത്തിലെ കഠിനമായ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ പിഎംസി ബാങ്ക് തട്ടിപ്പിലാണ് ഇതെല്ലാം ആരംഭിച്ചത്. ഈ തട്ടിപ്പിന് ശേഷം എന്റെ അമ്മയ്ക്ക് അസുഖം ബാധിക്കുകയും അവരുടെ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്തു. അമ്മയുടെയും സഹോദരിയുടെയും മരണങ്ങള്‍ അവസാനത്തെ പ്രഹരമായിരുന്നു. അതിനുമുമ്പുതന്നെ ഞാന്‍ ഈ ലോകത്തുനിന്ന് അകന്നു തുടങ്ങിയിരുന്നു. ലൗകിക ജീവിതം നയിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നോട് ബന്ധമുള്ള എല്ലാവരുടെയും അനുവാദം ഞാന്‍ വാങ്ങി. അവര്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അതിനുശേഷമാണ് ഞാന്‍ ആത്മീയ പാത തിരഞ്ഞെടുത്തത്.-നുപുര്‍ പറയുന്നു.
ആത്മീയത എങ്ങനെയാണ് തന്റെ ജീവിതത്തില്‍ ലാളിത്യം കൊണ്ടുവന്നത് എന്നതിനെ കുറിച്ചും അവര്‍ സംസാരിച്ചു. ‘ഭൗതിക ലോകത്ത് നിന്ന് മാറിയതിനുശേഷം ജീവിതം കൂടുതല്‍ എളുപ്പമായി. മുന്‍പ് ബില്ലുകള്‍, ജീവിതച്ചെലവുകള്‍, ഭക്ഷണക്രമം എന്നിവയെല്ലാം ശ്രദ്ധിക്കണമായിരുന്നു. ഈ കാലയളവില്‍ പ്രതിമാസം 12,000 രൂപ കൊണ്ടാണ് ഞാന്‍ ജീവിച്ചത്. ചിലപ്പോഴൊക്കെ ഞാന്‍ ഭിക്ഷാടനം നടത്താറുണ്ട്. ഞാന്‍ ഭിക്ഷ യാചിക്കുകയും അത് ദൈവത്തിനും എന്റെ ഗുരുവിനും സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് അഹംഭാവത്തെ ഇല്ലാതാക്കുന്നു. നാലോ അഞ്ചോ ജോഡി വസ്ത്രങ്ങള്‍ കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ വഴിപാടുകള്‍ കൊണ്ടുവരും. ചിലപ്പോള്‍ വസ്ത്രങ്ങളും. അതു മതിയാകും’-നുപുര്‍ പറയുന്നു. ഗുഹകളില്‍ താമസിക്കുകയും എലിയുടെ കടിയും മഞ്ഞുവീഴ്ച മൂലമുള്ള മുറിവുകളും അതിജീവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2019-ല്‍ പിഎംസി ബാങ്ക് തട്ടിപ്പ് എങ്ങനെയാണ് തന്റെ ആഭരണങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. ‘വീട്ടില്‍ പണമില്ലാതായതോടെയും ഞങ്ങളുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതോടെയും ആഭരണങ്ങള്‍ വില്‍ക്കുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. എന്റെ കുടുംബാംഗങ്ങളുടെയും എന്റേയും അവസ്ഥ ഇങ്ങനെയാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.’-നുപുര്‍ പറയുന്നു.
















