കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കരാറിൽ സംസ്ഥാനം ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ സിപിഐയിൽ നടപടി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ രണ്ട് നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി.
സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടും ആണ് സിപിഐ വിശദീകരണം തേടിയിട്ടുള്ളത്. അതിരുവിട്ട പ്രതിഷേധത്തിന്റെ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചവർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം ഉണ്ടായത്.
സംസ്ഥാനം പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് ഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചുവെന്നും, തന്റെ കോലം കത്തിച്ചുവെന്നും, വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തിയെന്നും കാണിച്ച് വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു .
ഇത് സിപിഎം സിപിഐ പ്രശ്നം ആണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം വേദനിപ്പിച്ചെന്ന തരത്തിൽ ശിവൻകുട്ടി വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
















