വളരെ ഹെല്‍ത്തിയായി ഒരു മധുരക്കിഴങ്ങ് സാൻഡ്‌വിച്ച് ഉണ്ടാക്കിയാലോ? ബ്രെഡ് ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ഉണ്ടാക്കുന്ന വിധം
ബീറ്റ കരോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്‍റി ഓക്‌സിഡന്റ്‌സ് എന്നിവയും പ്രോട്ടീനും നാരുകളുമെല്ലാം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ആരോഗ്യം നിലനിര്‍ത്താനുമെല്ലാം ഇത് സഹായിക്കും.
സാൻഡ്‌വിച്ച് ഉണ്ടാക്കാനായി ആദ്യം തന്നെ ഇടത്തരം വലുപ്പമുള്ള ഒരു മധുരക്കിഴങ്ങ് എടുത്ത്, നന്നായി കഴുകി വൃത്തിയാക്കുക. ഇത് ചെറിയ വട്ടങ്ങളായി അരിയുക.
ഒരു ബേക്കിംഗ് പേപ്പറില്‍ ഒന്നിന് മുകളില്‍ ഒന്നായി വരത്തക്ക രീതിയില്‍ ഇത് ചതുരാകൃതിയില്‍ വയ്ക്കുക.
രണ്ടു കഷ്ണങ്ങള്‍ക്കിടയിലെ ഗ്യാപ്പ് അടയുന്ന രീതിയില്‍ മോസറെല്ല ചീസ് വിതറുക.
എയര്‍ഫ്രൈയര്‍ 160 ഡിഗ്രിയില്‍ പത്തു മിനിറ്റ് പ്രീഹീറ്റ് ചെയ്യുക.
ബേക്കിങ് ട്രേ ഇതിനുള്ളിലേക്ക് വെച്ച ശേഷം, 160 ഡിഗ്രിയില്‍ പത്തു മിനിറ്റ് എയര്‍ഫ്രൈ ചെയ്യുക. പിന്നീട് താപനില 180 ഡിഗ്രിയാക്കിയ ശേഷം വീണ്ടും 2-3 മിനിറ്റ് എയര്‍ഫ്രൈ ചെയ്യുക.
ഇത് പുറത്തെടുത്ത ശേഷം പത്തു മിനിറ്റ് തണുക്കാന്‍ വയ്ക്കുക.
ഇനി ഇതിന്‍റെ പകുതി ഭാഗത്ത് യോഗര്‍ട്ട് വയ്ക്കുക, തുടര്‍ന്ന് അതിനു മുകളിലായി, കക്കിരിക്ക, തക്കാളി എന്നിവ വയ്ക്കുക. അല്‍പ്പം കുരുമുളകും ഉപ്പും വിതറുക. മറ്റേ വശത്ത് ലെറ്റസ് ഇല വെച്ച ശേഷം നടുവേ മടക്കുക. മധുരക്കിഴങ്ങ് സാൻഡ്‌വിച്ച് റെഡി.
















