തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണു പുതിയ കോർ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായത്.ഇതിന്റെ കൺവീനർ ആയി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെയാണ് ചുമതലപ്പെടുത്തിയത്.
സമിതിയിൽ എ.കെ.ആന്റണിയും ഷാനിമോൾ ഉസ്മാനും ഉൾപ്പെട്ടിട്ടുണ്ട്. സണ്ണി ജോസഫ്, വി.ഡി.സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി.അനിൽ കുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ഇതിലെ പ്രധാന അംഗങ്ങൾ.
പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു. തിരഞ്ഞെടുപ്പുഘട്ടത്തിൽ തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോർ കമ്മിറ്റിയെ ഏകോപനച്ചുമതല ഏൽപിക്കുന്നത്.
















