ഖലിസ്ഥാന്‍ വാദിയും സിഖ് നേതവുമായി സന്ത് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാലയും സംഘവും പവിത്രമാണെന്ന് വിശ്വസിക്കുന്ന ആരാധനാ കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തില്‍ താവളം ഉറപ്പിച്ചു. ക്ഷേത്രത്തിനുള്ളില്‍ കയറി ഭിന്ദ്രന്‍വാലയെയും സംഘത്തിനെയും നേരിടാനാകില്ലെന്ന് ഉറപ്പ്. ക്ഷേത്രത്തിനുള്ളില്‍ സംഘര്‍ഷമോ, രക്തച്ചൊരിച്ചിലോ ഉണ്ടായാല്‍ അത് എല്ലാ സിഖ് വിശ്വാസികള്‍ക്കും മുറിവേല്‍ക്കപ്പെടുന്ന ഒന്നാണ്. അതിനാല്‍, തന്ത്രവും ബുദ്ധിപരവുമായ നീക്കമാണ് നല്ലതെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഉപദേശം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ആ ഓപ്പറേഷന് എല്ലാവിധ അനുമതിയും നല്‍കി. എന്നാല്‍, ഓപ്പറേഷനു മുമ്പ് താനുമായി ആലോചിക്കണമെന്നും, അവസാന വാക്ക് തന്റേതായിരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.
ഒരു തുള്ളി രക്തം പോലും വീഴാതെ ഭിന്ദ്രന്‍വാലയെ സുവര്‍ണ്ണ ക്ഷേത്രത്തിനു പുറത്തു കൊണ്ടുവരാനുള്ള തന്ത്രപരമായ ഇന്റലിജന്‍സ് ഓപ്പറേഷനായിരുന്നു 1984 ജനുവരിയില്‍ പ്ലാന്‍ ചെയ്ത ഒപ്പറേഷന്‍ ‘സണ്‍ഡൗണ്‍’. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗാണ്(റോ) പദ്ധതി തയ്യാറാക്കിയത്. ഇത്തരമൊരു പദ്ധതി തയ്യാറാക്കി നടപ്പാക്കിയാല്‍ ഓപ്പറേഷന്‍ വിജയിക്കുമെന്ന് ഇന്ദിരാഗാന്ധിയുടെ പേഴ്‌സണല്‍ സെക്യൂരിട്ടി ലീഡറും വിശ്വസ്ഥനും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിരാഗാന്ധി ആ ഓപ്പറേഷന് അനുമതി നല്‍കിയതും. എന്നാല്‍, വ്യവസ്ഥകളോടെയായിരുന്നു എന്നു മാത്രം.
തുടര്‍ന്ന് ഓപ്പറേഷന്റെ ബ്ലൂപ്രിന്റ് റോ തയ്യാറാക്കി. പ്രത്യേക ഫോഴ്‌സിന് പരിശീലനം നല്‍കി. ക്ഷേത്രത്തിനുള്ളിലേക്കും, പുറത്തേക്കും പോകാനുള്ള കവാടങ്ങള്‍, രഹസ്യ അറകള്‍, ആയുധ ശേഖരത്തിന്റെ കണക്കുകള്‍, ഹെലിക്കോപ്ടര്‍ സജ്ജീകരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയോടെ കണക്കുകള്‍ കൂട്ടിത്തുടങ്ങി. ഭിന്ദ്രന്‍വാലയെ തന്ത്രപരമായി ക്ഷേത്രത്തിനുള്ളില്‍ നിന്നും തട്ടിക്കൊണ്ടു വരിക. ശേഷം, ഭിന്ദ്രന്‍വാലയുടെ സംഘത്തെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ക്ഷേത്രത്തിനുള്ളില്‍ വെച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുക. നേതാവില്ലാത്ത ആള്‍ക്കൂട്ടം വേഗത്തില്‍ കീഴടങ്ങുമെന്നും റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് കണക്കു കൂട്ടി. ഇതായിരുന്നു സണ്‍ഡൗണ്‍ ഓപ്പറേഷന്റെ ബ്ലൂപ്രിന്റ്
ജനുവരിയില്‍ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്ത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. റോ സര്‍വ്വ സജ്ജമാണ്. അതിവിദഗ്ദ്ധമായി ക്ഷേത്രത്തില്‍ പ്രവേശിക്കാനും, തട്ടിക്കൊണ്ടു വരാന്‍ പ്രാപ്തിയുള്ളതുമായ ഫോഴ്‌സിനെ റെഡിയാക്കി. ഇനി ലഭിക്കേണ്ടത്, പ്രധാനമന്ത്രിയുടെ അനുമതി മാത്രം. ആ അവസാന വാക്ക് കേള്‍ക്കാന്‍ തയ്യാറായി നിന്ന റോയ്ക്ക് ലഭിച്ചത് ‘നോ’ എന്ന മറുപടിയായിരുന്നു. ഓപ്പറേഷന്‍ സണ്‍ഡൗണ്‍ വേണ്ടെന്നു വെയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉത്തരവ്. അവസാന നിമിഷം എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്ന് ഇപ്പോഴും ദുരൂഹമാണ്. അന്ന് ഓപ്പറേഷന്‍ ഡണ്‍ഡൗണ്‍ നടന്നിരുന്നെങ്കില്‍, ഒരുപക്ഷെ, ഇന്ദിരാഗാന്ധിയെ സിഖു തീവ്രവാദികള്‍ കൊലപ്പെടുത്തില്ലായിരുന്നു.
കാരണം, 1984 ജൂണ്‍ ആദ്യവാരം സുവര്‍ണ്ണ ക്ഷേത്രത്തിലേക്കു നടന്ന ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ സൈനീക നീക്കമാണ് പിന്നീട് ഇന്ദിരാഗാന്ധിയുടചെ കൊലപാതകത്തിനു വരെ കാരണമായത്. ര്കതച്ചൊരിച്ചില്‍ ഒഴിവാക്കി കീഴ്‌പ്പെടുത്താന്‍ തയ്യാറാക്കിയ ഓപ്പറേഷന്‍ സണ്‍ഡൗണില്‍ നിന്നും രക്തച്ചൊരിച്ചില്‍ നടത്തിയുള്ള ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലേക്ക് പ്രധാനമന്ത്രി എത്താനെടുത്തത് അഞ്ചു മാസമാണ്. യുദ്ധ സമാന ഓപ്പറേഷനായിരുന്നു ബ്ലൂസ്റ്റാര്‍. സിഖുകാരുടെ പവിത്രമായ ക്ഷേത്രത്തില്‍ നടത്തിയ രക്ത രൂക്ഷിത സൈനിക നടപടിയോട് ഇപ്പോഴും വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നവരുണ്ട്. ഇന്ദിരാഗാന്ധിയെ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ച്, ചത്തുവെന്ന് ഉറപ്പു വരുത്തിയിട്ടും തീരാത്ത കലിയായിരുന്നു സിഖുകാര്‍ക്കുണ്ടായിരുന്നത്.
മാത്രമല്ല, സുവര്‍ണ്ണ ക്ഷേത്രത്തില്‍ ബോംബു നിര്‍മ്മാണം, തോക്കു ശേഖരം, മാരകായുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കല്‍ തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതുകൊണ്ടുതന്നെ ഒരു ഏറ്റുമട്ടലിലൂടെ ബിന്ദ്രന്‍വാലയെയും സംഘത്തെയും കീഴ്‌പ്പെടുത്താന്‍ കഴിയുമെങ്കിലും നാശനഷ്ടം ഭീമമായിരിക്കും. ഇത് മനസ്സിലാക്കിയാണ് റോ, സണ്‍ഡൗണ്‍ ഓപ്പറേഷനെ കുറിച്ച് ചിന്തിച്ചതു പോലും.
സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലെ അകാല്‍ തഖ്ത് എന്ന ആരാധനാസ്ഥലം കയ്യടക്കി ഇരിപ്പുറപ്പിച്ച ഖാലിസ്ഥാനി തീവ്രവാദികളെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ ലക്ഷ്യം. ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍’. അതിനുള്ള ഉത്തരവുകള്‍ നല്‍കിയത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ആരാണ് ഇന്ദിരാഗാന്ധിച്ച് ഓപ്പോറേഷന്‍ സണ്‍ഡൗണ്‍ വേണ്ടെന്ന് വെയ്ക്കാന്‍ ഉപദേശം നല്‍കിയത്. ആരാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നേരിട്ട് നടത്താന്‍ ഉപദേശം നല്‍കിയത്. ഈ രണ്ട് ഉപദേശങ്ങളും പ്രധാനമന്ത്രിയുടെ ജീവനെടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന് ചരിത്രം തെളിയിച്ചു.
ആദ്യം, റോയുടെ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ ആയിട്ട് പ്ലാന്‍ ചെയ്ത പദ്ധതി പൊളിച്ചതാരാണ് ?. അവരുടെ ഉദ്ദേശം എന്തായിരുന്നു. ഈ കമാന്‍ഡോ ഓപ്പറേഷനു വേണ്ടി റോ, തീവ്രവാദികള്‍ ഒളിച്ചു പാര്‍ക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്‌സലുകള്‍ വരെ നടത്തിയ ശേഷമാണ്, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിച്ചത്, പകരം സൈനിക ഇടപെടല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഈ സൈനിക ഓപ്പറേഷനില്‍ അന്ന് 83 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായി. 248-ലധികം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെയൊക്കെ കൈകാലുകള്‍ മുറിച്ചു കളയേണ്ടിവന്നു. ആ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ സന്നിഹിതരായിരുന്ന ഖാലിസ്ഥാനി തീവ്രവാദികള്‍ അടക്കം 592 സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടമായി. 1592 പേരെ അന്ന് ഈ ഓപ്പറേഷന്റെ ഭാഗമായി സൈന്യം കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി.
എന്താണ് ഖലിസ്ഥാന്‍ വാദം ?
ഖാലിസ്ഥാന്‍ എന്നത് ഒരു ‘സിഖ് രാഷ്ട്ര’സങ്കല്പമാണ്. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടു കൊണ്ട് സിഖുകാര്‍ക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം സാധ്യമാണ് എന്ന ചിന്ത ഉടലെടുക്കുന്നത് 1940 -കളിലും 1950 -കളിലും ഒക്കെയാണെങ്കിലും ‘ദംദമി തക്തല്‍’ എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയാണ് ആ തീപ്പൊരിക്ക് കാറ്റുപകരുന്നത്. സിഖ് മതത്തിന്റെ സങ്കല്‍പ്പങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയും, ആ നിലയ്ക്ക് തന്നെ യുവാക്കളില്‍ പലരുടെയും ആരാധനാ മൂര്‍ത്തിയുമായിരുന്നു ഭിന്ദ്രന്‍വാല.
പഞ്ചാബില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്ന അകാലിദളിനെതിരെ നില്ക്കാന്‍ വേണ്ടി കോണ്‍ഗ്രസ് തന്നെ വളര്‍ത്തിക്കൊണ്ടുവന്ന ഭിന്ദ്രന്‍വാല ഒടുവില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു കൊണ്ട് വളരെ വിഘടനവാദപരമായ പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങിയത് ഇന്ദിരാഗാന്ധിക്ക് തലവേദന സൃഷ്ടിച്ചു. 1982ല്‍ തന്റെ ആസ്ഥാനമായ ചൗക്ക് ഗുരുദ്വാരയില്‍ നിന്ന് ആദ്യം സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും, പിന്നീട് അതിനുള്ളിലെ അകാല്‍ തഖ്ത്തിലേക്കും തന്റെ ആസ്ഥാനം മാറ്റിയത്, കേന്ദ്രത്തെ ചൊടിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഐഎസ്ഐ സഹായത്തോടെ ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച്, ആകെ ശല്യക്കാരനായി മാറിയിരുന്ന ഭിന്ദ്രന്‍വാലയുടെ രാഷ്ട്രീയ ഉന്മൂലനമായിരുന്നു സൈനിക ഇടപെടലിന്റെ ലക്ഷ്യം.
അതിനിര്‍ണായകമായ സൈനിക നടപടി
ഒരു സൈനിക ഓപ്പറേഷന്‍ നടത്തി ഭിന്ദ്രന്‍വാല അടക്കമുള്ളവരെ നിര്‍മാര്‍ജ്ജനം ചെയ്തില്ലെങ്കില്‍ പഞ്ചാബില്‍ സ്ഥിതി കൈവിട്ടുപോകും എന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി നിര്‍ണായകമായ ഈ തീരുമാനമെടുക്കുന്നതും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് അനുമതി നല്‍കുന്നതും. ലഫ്. ജനറല്‍ കുല്‍ദീപ് സിങ് ബ്രാര്‍, ലഫ്. ജനറല്‍ കൃഷ്ണസ്വാമി സുന്ദരംജി, ജനറല്‍ എ എസ് വൈദ്യ എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല. രണ്ടു ഭാഗങ്ങളുണ്ടായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്. ഒന്ന്, ‘ഓപ്പറേഷന്‍ മെറ്റല്‍’. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭീകരരെ തുരത്തുക എന്ന ഭാഗം മാത്രമായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായി ഒരു അനുബന്ധമിഷന്‍ കൂടി നടന്നു. പഞ്ചാബിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ റെയ്ഡുകള്‍ നടത്തി ഖാലിസ്ഥാനികളെ തുറുങ്കില്‍ തള്ളുന്ന ആ ദൗത്യത്തെ അന്ന് വിളിച്ചത് ‘ഓപ്പറേഷന്‍ ഷോപ്പ്’ എന്നായിരുന്നു.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ രണ്ടാമത്തെ ഭാഗം, ‘ഓപ്പറേഷന്‍ വുഡ് റോസ്’ എന്നപേരില്‍ അറിയപ്പെട്ടു. അതും സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു. പഞ്ചാബില്‍ ഉടനീളം നടപ്പാക്കപ്പെട്ട ഒന്ന്. ടാങ്കുകള്‍, ആര്‍ട്ടിലറികള്‍, ഹെലികോപ്റ്ററുകള്‍, കവചിതവാഹനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി നടത്തിയ ഒന്ന്. ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാബേഗ് സിങ് ആയിരുന്നു ഭിന്ദ്രന്‍വാലയുടെ കൊച്ചു സൈന്യത്തെ നിയന്ത്രിച്ചിരുന്നത്.
CONTENT HIGH LIGHTS; Why did you say NO to “Operation Sundown”?; Operation Bluestar, which took the life of Indira Gandhi?
















