കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ബാംഗ്ലൂര്‍ ഐഐടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ എ സാബു, മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ രവീന്ദ്ര ഡി കുല്‍കര്‍ണി എന്നിവരുടെ അടങ്ങുന്നതാണ് കമ്മിറ്റി.
ചാന്‍സലറുടെ പ്രതിനിധിയായ ഇലുവാതിങ്കല്‍ ഡി ജമ്മീസ് ആണ് സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍. വി.സി പദവിയിലേക്ക് യോഗ്യരായ മൂന്നു മുതല്‍ അഞ്ചു പേരുടെ പട്ടിക മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിലവിലെ വി.സി പ്രൊഫ. പി രവീന്ദ്രന്റെത് താത്കാലിക ചുമതലയാണ്. ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള സെനറ്റ്, സെര്‍ച്ച് കമ്മിറ്റിക്കുള്ള സര്‍വകലാശാല പ്രതിനിധിയെ നല്‍കാത്തതാണ് സേര്‍ച്ച് കമ്മിറ്റി രൂപീകരണം വൈകാന്‍ കാരണം.
സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലും ഇപ്പോള്‍ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍വകലാശാലയുടെ പ്രതിനിധികളെ നല്‍കാതെ വിസി നിയമനം നീട്ടിക്കൊണ്ടുപോയത്, എന്തുകൊണ്ടാണ് ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധിയെ നല്‍കുന്നത്, സര്‍ക്കാര്‍ ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയതെന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുകയാണ്.
STORY HIGHLIGHT : Governor issues notification to form search committee calicut university
















