അന്ന് ഇന്ത്യൻ പെൺപടയുടെ കിരീട സ്വപ്നങ്ങൾ തകർത്തത് ഓസ്ട്രേലിയയാണ്. ആ ഓസ്ട്രേലിയയെ എട്ട് വർഷങ്ങൾക്കിപ്പുറം ഏകദിന ലോകകപ്പ് സെമിയിൽ വീഴ്ത്തി കലാശപ്പോരിലേക്ക് എത്തുമ്പോൾ ഇന്ത്യക്ക് ഇരട്ടി മധുരമാണ്. ആ മധുര പ്രതികാരം ഇന്ത്യ ആഘോഷമാക്കുന്നതിനിടയിൽ എല്ലാവരും തങ്ങളുടെ നെഞ്ചോട് ചേർത്ത ഒരു പേരും കണ്ണീരണിഞ്ഞ ഒരു മുഖവും ഉണ്ടായിരുന്നു, ജെമീമ റോഡ്രിഗസിന്റെ.
ഇന്ന് രാജ്യം മുഴുവൻ ജെമീമ റോഡ്രിഗസെന്ന വനിത ക്രിക്കറ്റ് താരത്തെ വാഴ്ത്തുമ്പോൾ, അവരെയും കുടുംബത്തേയും സംഘപരിവാർ വേട്ടയാടിയ സംഭവം ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയ. ജെമീമയുടെ പിതാവ് മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണങ്ങൾ അഴിച്ചുവിട്ടാണ് അവരെ നിർദയം വേട്ടയാടിയത്. ഒരുഘട്ടത്തിൽ അവർക്ക് ബഹുമാനാർഥം നൽകിയ മെമ്പർഷിപ്പ് ജിംഖാന ക്ലബ് തിരിച്ചെടുക്കുന്ന സാഹചര്യം വരെ ഉണ്ടായി.
രാജ്ദീപ് സർദേശായിയാണ് ജെമീമക്കെതിരായ സംഘപരിവാർ ആക്രമണം ഓർമിപ്പിച്ച് ആദ്യം രംഗത്തെത്തിയ പ്രമുഖരിൽ ഒരാൾ. മതവിശ്വാസത്തിന്റെ പേരിൽ ജെമീമയേയും കുടുംബത്തേയും വേട്ടയാടിയവർ ഇപ്പോൾ മാളങ്ങളിൽ ഒളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജ്ദീപ് സർദേശായി പറഞ്ഞു.
അവർ അവളെ കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. ട്രോളുകൾക്കും ആരോപണങ്ങൾക്കും നടുവിൽ തല ഉയർത്തി തന്നെയാണ് ജെമീമ നിൽക്കുന്നതെന്ന് എക്സിൽ വന്ന പോസ്റ്റുകളിലൊന്നിൽ പറയുന്നു. ദേശസ്നേഹവും മതവും തമ്മിൽ ബന്ധമൊന്നുമില്ലെന്നും സഞ്ജു സാംസണും ജെമീമയും എത്ര തവണയാണ് മതത്തിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായതെന്നുമായിരുന്നു മറ്റൊരു പോസ്റ്റ്.
ഇതിനിടെ ജിംഖാന ക്ലബ് ജെമീമയുടെ മെമ്പർഷിപ്പ് റദ്ദാക്കിയ വാർത്ത പങ്കുവെച്ച് മുഹമ്മദ് സുബൈർ 2024ൽ എക്സിൽ പങ്കുവെച്ച കുറിപ്പും വൈറലായി. ജെമീമയുടെ പിതാവിന്റെ വിശദീകരണം ഉൾപ്പടെ ചേർത്താണ് സുബൈർ കുറിപ്പ് പങ്കുവെച്ചത്. തങ്ങൾ മതപരിവർത്തനം നടത്തുന്നില്ലെന്നും പ്രാർഥനമാത്രമാണ് വീട്ടിൽ നടത്തുന്നതെന്നുമുള്ള വിശദീകരണമാണ് അവരുടെ പിതാവ് നൽകുന്നത്. നിയമം അനുസരിച്ച് ജീവിക്കുന്നവരാണെന്നും പ്രാർഥനക്കുള്ള അവസരമുണ്ടാകണമെന്നും ജെമീമയുടെ പിതാവിന്റെ പ്രതികരണവും മുഹമ്മദ് സുബൈർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
















