വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതിനു പിന്നാലെ ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ ഏതാനും രാജ്യങ്ങൾ തിങ്കളാഴ്ച ഇസ്താംബുളിൽ ചർച്ച നടത്തുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്ന പശ്‌ചാത്തലത്തിൽ വെടിനിർത്തൽ തുടരുമോയെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സെപ്‌റ്റംബറിൽ ന്യൂയോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഹകാൻ ഫിദാൻ പറഞ്ഞു.
തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്‌ത്, യുഎഇ, ജോർദാൻ, പാക്കിസ്‌ഥാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളാണ് ട്രംപുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ‘വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ചർച്ച ചെയ്യണം’ – ഹകാൻ ഫിദാൻ പറഞ്ഞു.
















