സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സമരത്തിലേക്ക്. ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കെജിഎംഒഎ സമരം നടത്തുന്നത്. ജീവൻ രക്ഷാ എന്ന പേരിൽ ഇന്ന് മുതൽ സമരം ആരംഭിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടർക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം.
ആദ്യഘട്ടം എന്ന നിലയിൽ സംസ്ഥാനവ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കും. ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതായി സംഘടന ആരോപിച്ചു.
ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ ഏൽപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പിലാക്കാത്തതിലും പ്രതിഷേധം അറിയിക്കും.
















