ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ പ്രണയം എതിര്‍ത്തതിന്‍റെ പേരില്‍ മകളും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി. നേത്രാവതി (35) ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളുമാണ് കൊലപാതകത്തിന് പിന്നില്‍. പ്രായപൂര്‍ത്തിയാകാത്ത മകളുടെ കാമുകന്‍ വീട്ടിലെത്തുന്നത് നേത്രാവതി എതിര്‍ത്തിരുന്നു. ഇതിന്‍റെ പേരിലായിരുന്നു കൊലപാതകം. 17 കാരനുമായി നേത്രാവതിയുടെ മകള്‍ പ്രണയത്തിലായിരുന്നു. മകളുടെ കസിന്‍റെ സുഹൃത്തായിരുന്നു ഇയാള്‍.
ഇരുവരും മറ്റു രണ്ടു സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇത് നേത്രാവതി കണ്ടെത്തുകയും വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ അമ്മയും മകളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഒക്ടോബര്‍ 24 ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും മാളില്‍ വച്ച് വീണ്ടും ഒത്തുകൂടി. അമ്മ നേരത്തെ ഉറങ്ങുമെന്നും അടുത്ത ദിവസം വീട്ടിലെത്താനും പെണ്‍കുട്ടി സുഹൃത്തുക്കളെ ക്ഷണിച്ചു. ഒക്ടോബര്‍ 25 ന് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളും മൂന്നു കുട്ടുകാരും വീട്ടിലെത്തി. ഉറക്കമുണര്‍ന്ന നേത്രാവതി കിടപ്പുമുറിയില്‍ കണ്ടതോടെ തര്‍ക്കമുണ്ടായി.
ഇതിനിടെ മകളുടെ ആണ്‍സുഹൃത്ത് നേത്രാവതിയെ കഴുത്തെ ഞെരിച്ച് കൊല്ലുകയും മൃതദേഹം ഫാനില്‍ കെട്ടിതൂക്കുകയുമായിരുന്നു. പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി.
















