കൊട്ടാരക്കരയിൽ ജാമ്യാവസ്ഥകൾ ലംഖിച്ചതിനു റിമാൻഡിലായ പോക്‌സോ കേസ് പ്രതി കോടതി മുറിയിൽ നിന്ന് ഓടി രക്ഷപെട്ടു. കൊട്ടാരക്കര ഇളമാട് സ്വദേശി ശ്രീജഭവനിൽ അബിൻദേവ് (21) ആണ് കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടത്. കൊട്ടാരക്കരയിലെ അതിവേഗകോടതിയിൽ നിന്നാണ് പ്രതി രക്ഷപെട്ടത്.
ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് അബിൻദേവ് . ഈ കേസിൽ പ്രതി ഇപ്പൊ ജാമ്യത്തിലായിരുന്നു. എന്നാൽ ജാമ്യ കാലാവധി കഴിഞ്ഞിട്ടും പ്രതി കോടതിയിൽ ഹാജരായില്ല. ഇതിനെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലും ജാമ്യക്കാരില്ലാത്തതിനാലും അബിനെ റിമാൻഡ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. തന്നെ റിമാൻഡ് ചെയ്യുവാണെന്ന് മനസിലായ പ്രതി കോടതി മുറിയിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.
കോടതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഭിഭാഷകരും വനിതാ പോലീസ്കാരും പിറകെ ഓടിയെങ്കിലും പ്രതിയെ കിട്ടിയില്ല. തോട്ടംമുക്കിൽനിന്ന് ഓട്ടോറിക്ഷയിൽ കൊട്ടാരക്കര പുലമണിലേക്കു കടന്ന അബിനെ പോലീസുകാർ മറ്റൊരു ഓട്ടോയിൽ പിന്തുടർന്നെങ്കിലും ഗതാഗതക്കുരുക്കിൽ ഓട്ടോ നിർത്തിയപ്പോൾ അബിൻ ഇറങ്ങി ഓടുകയായിരുന്നു. കോടതിയിൽനിന്നു കടന്നുകളഞ്ഞതിനു കേസ് രജിസ്റ്റർ ചെയ്ത കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി. ഇളമാട്ടുള്ള അബിന്റെ വീട്ടിലുൾപ്പെടെ തിരഞ്ഞിട്ടും രാത്രി വൈകുംവരെയും ഇയാളെ പിടികൂടിയിട്ടില്ല.
















