ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ പുരോഗതി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ വയറ്റിൽ ആഘാതമേറ്റതിനെ തുടർന്ന് പ്ലീഹയ്ക്ക് (Spleen) മുറിവും ആന്തരിക രക്തസ്രാവവും സംഭവിച്ച താരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ബിസിസിഐ (BCCI) ഇന്ന് പുറത്തിറക്കിയ മൂന്നാമത്തെ മെഡിക്കൽ ബുള്ളറ്റിനിൽ സ്ഥിരീകരിച്ചു.
അലക്സ് കാരിയുടെ ഒരു ഡൈവിങ് ക്യാച്ചെടുക്കുന്നതിനിടയിലാണ് വലങ്കയ്യൻ ബാറ്റ്‌സ്മാനായ ശ്രേയസിന് പരിക്കേറ്റത്. ഫീൽഡിങ്ങിനിടെ വയറ്റിൽ ഏൽക്കേണ്ടി വന്ന ആഘാതമാണ് പ്ലീഹയിലെ മുറിവിനും ആന്തരിക രക്തസ്രാവത്തിനും കാരണമായത്. എന്നാൽ, ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ രക്തസ്രാവം ഉടൻതന്നെ നിയന്ത്രിക്കാൻ സാധിച്ചതായും, തുടർന്ന് ആവശ്യമായ ചികിത്സകൾ നൽകിയതായും ബിസിസിഐ അറിയിച്ചു.
നിലവിൽ ശ്രേയസ് സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് താരത്തെ സിഡ്‌നിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എങ്കിലും, തുടർ പരിശോധനകൾക്കായി ശ്രേയസ് സിഡ്‌നിയിൽ തുടരും. വിമാനയാത്രയ്ക്ക് അനുയോജ്യമാവുന്ന വിധം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ. സിഡ്‌നിയിലെ ഡോ. കൗറൂഷ് ഹഗിഗിനും സംഘത്തിനും, ഇന്ത്യയിലെ ഡോ. ദിൻഷാ പാർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിച്ചു.
നേരത്തെ, പരിക്കിന്റെ ഗൗരവം വർധിച്ചതിനെത്തുടർന്ന് ശ്രേയസിനെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകർക്ക് അദ്ദേഹം അപ്‌ഡേറ്റ് നൽകുകയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഏകദേശം രണ്ടു മാസത്തോളം ശ്രേയസിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രേയസിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തിയിരുന്നു.
















