എഐഎഡിഎംകെ നേതാക്കളുടെ വിമർശനങ്ങളിൽ പ്രതികരിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. സംസാരിച്ചുതുടങ്ങിയാൽ പല കാര്യങ്ങളും പറയേണ്ടിവരും. ഞാൻ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരുടെ നേതാക്കൾ എന്നെ നിരന്തരം അധിക്ഷേപിക്കുകയാണ്. അമിത് ഷായ്ക്ക് നൽകിയ വാക്കിന്റെ പേരിലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു.
ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണു താൻ ബിജെപിയിൽ ചേർന്നതെന്നും അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും അണ്ണാമലൈ പറഞ്ഞു.
പാർട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവവികാസങ്ങളിൽ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
കുറച്ചു കാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ് അണ്ണാമലൈ. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം നേരത്തേ വിശദീകരണവും തേടിയിരുന്നു. തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയ സഖ്യം ഉയർന്നുവരുമെന്ന പ്രതീക്ഷയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും. ആരാണ് പദവികളിൽ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിർദേശിക്കാൻ എനിക്ക് അധികാരമില്ല. ഇഷ്ടമുണ്ടെങ്കിൽ ഞാൻ തുടരും. അല്ലെങ്കിൽ രാജിവച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോൾ പ്രതികരിക്കും. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















