കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തൃശൂർ സ്വദേശി ഗോപകുമാറാണ് യുവതിയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഫോൺ വിളിച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടെ ആമ്പല്ലൂർ സ്വദേശിയായ യുവതി സൂപ്രണ്ടിനു പരാതി നൽകി. തുടർന്ന് ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു. ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ 15–ാം നമ്പർ സെല്ലിൽ നിന്നാണ് ഫോൺ പിടികൂടിയത്. തുടർന്ന് ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. യുവതി പരാതി നൽകിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് ജയിലിൽ നടത്തിയ പരിശോധനയിലാണു ഫോൺ കണ്ടെത്തിയത്. ഗോപകുമാർ സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്നാണ് ഫോൺ പിടിച്ചെടുത്ത്.
ഇയാൾ മുൻപും നിരവധി ആളുകളെ ജയിലിൽ നിന്നു വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജയിലിനകത്തെ ലഹരി ഉപയോഗത്തിനാണ് ഇയാൾ പണം ആവശ്യപ്പെടുന്നതെന്നാണ് പൊലീസ് പറയുന്നത്.
















