മലബാർ എന്ന കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്കോർമ്മ വരുന്നത് അവിടത്തെ രുചികൾ ആണല്ലേ. മനസിലേക്ക് മാത്രമുള്ള നാവിലേക്കും ആ ഓർമ്മ അരിച്ചിറങ്ങും. ലഘു ഭക്ഷണങ്ങളുടെ നാടെന്നാണ് മലബാർ അറിയപ്പെടുന്നതും. കല്ലുമ്മക്കായും, കായ്പോളയും , ചട്ടിപ്പത്തിരി , അട്ടിപ്പത്തൽ, കോഴിക്കറിയും നെയ്പത്തിരിയും അങ്ങനെ പോകും ലിസ്റ്റ് . അത് പോലെ കണ്ണൂർക്കാരുടെ തീന്മേശയിൽ നിന്നും ഒഴിച്ചുമാറ്റാനാവാത്ത ഒരു വിഭവമാണ് മുട്ടസുർക്കയും വറുത്തരച്ച കോഴിക്കറിയും,
വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട ലഘുഭക്ഷണ-പ്രഭാതഭക്ഷണ വിഭവമാണ് മുട്ട സുർക്ക . അകത്ത് മൃദുവും പുറത്ത് ക്രിസ്പിയുമായ ഇത് എരിവുള്ള കറികളോടൊപ്പം ആണ് കഴിക്കുന്നത്. പുയ്യാപ്ല വിരുന്നിലെ താരം എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. കല്യാണച്ചെറുക്കൻ പെണ്ണ് വീട്ടിലേക്ക് വരുമ്പോൾ ഒരുക്കി കൊടുക്കുന്ന വിഭവം.
നല്ല എരിവുള്ള വറുത്തരച്ച കോഴിക്കറിയും മുട്ടസുർക്കയും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകൾ:
പച്ചരി – 1 കപ്പ്
മുട്ട – 1 എണ്ണം
ചെറിയ ഉള്ളി (കൊത്തിയരിഞ്ഞത്) – 1 1/2 ടേബിൾസ്പൂൺ
പച്ചമുളക് (കൊത്തിയരിഞ്ഞത്) – 1 1/2 ടീസ്പൂൺ
ചിരകിയ തേങ്ങ – 3/4 കപ്പ് (വേണമെങ്കിൽ)
കറിവേപ്പില – ഒരു തണ്ട് (കൊത്തിയരിഞ്ഞത്, വേണമെങ്കിൽ)
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചരി കുറഞ്ഞത് 3 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിനുശേഷം വെള്ളം പൂർണ്ണമായും ഊറ്റി കളയുക. ഊറ്റിയ വെള്ളം കളഞ്ഞ അരി, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. ഇഡ്ഡലി മാവിന്റെ അയവിൽ ആയിരിക്കണം മാവ്. അരച്ച മാവിലേക്ക് മുട്ട, കൊത്തിയരിഞ്ഞ ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. (തേങ്ങയും കറിവേപ്പിലയും ചേർക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ചേർക്കാം). ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടാവുമ്പോൾ, ഒരു തവി മാവ് എടുത്ത് എണ്ണയുടെ നടുവിലേക്ക് ഒഴിക്കുക (പൂരി ഉണ്ടാക്കുന്നത് പോലെ).
ഇത് എണ്ണയിൽ പൊങ്ങി വരുമ്പോൾ, മുകൾ ഭാഗത്ത് അല്പം ചൂട് എണ്ണ തവികൊണ്ട് ഒഴിച്ചു കൊടുക്കുക, ഇത് നന്നായി പഫ് ചെയ്തു വരാൻ സഹായിക്കും. ഒരു വശം വെന്തു കഴിയുമ്പോൾ മറുവശം തിരിച്ചിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
എണ്ണയിൽ നിന്ന് കോരി മാറ്റി പേപ്പർ ടവലിൽ വെച്ച് എണ്ണ കളയുക.
വറുത്തരച്ച കോഴിക്കറിക്ക് ആവശ്യമായ ചേരുവകൾ:
ചിക്കൻ മാരിനേഷന്:
കോഴിയിറച്ചി – 1 കിലോ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിക്ക് ആവശ്യമായവ:
സവാള – 2 എണ്ണം (ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്)
തക്കാളി – 1 എണ്ണം (ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി – 5-6 അല്ലി (ചതച്ചത്)
പച്ചമുളക് – 2-3 എണ്ണം (നെടുകെ കീറിയത്)
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വറുത്തരയ്ക്കാൻ:
ചിരകിയ തേങ്ങ – 1 കപ്പ്
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ (എരിവിനനുസരിച്ച് മാറ്റം വരുത്താം)
ഗരം മസാല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 15-20 മിനിറ്റ് മാറ്റി വെക്കുക.ഒരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി ചിരകിയ തേങ്ങ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനുശേഷം തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം ഈ മിശ്രിതം അല്പം വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക. ഗരം മസാല ഈ സമയത്ത് ചേർക്കാം.
ഒരു മൺചട്ടിയിലോ പ്രഷർ കുക്കറിലോ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഇതിലേക്ക് സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക.സവാള വഴന്നു കഴിയുമ്പോൾ തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വഴറ്റുക. മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്ത് 2-3 മിനിറ്റ് വഴറ്റുക.തയ്യാറാക്കിയ അരപ്പ് ചിക്കനിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക.
മൺചട്ടിയിലാണ് പാചകം ചെയ്യുന്നതെങ്കിൽ അടച്ചുവെച്ച് ചിക്കൻ വേവുന്നത് വരെ ചെറുതീയിൽ വേവിക്കുക.
പ്രഷർ കുക്കറിലാണെങ്കിൽ 1-2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വറുത്ത് കറിക്ക് മുകളിൽ ഒഴിക്കാം.
















