സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച് പ്രഖ്യാപിച്ചത് കേരള ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായി. കേരളം ഒരു ‘പുതുയുഗപ്പിറവിയിൽ’ എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ മഹത്തായ നേട്ടത്തിന് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. എന്നാൽ, ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് നടൻ സന്തോഷ് കീഴാറ്റൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും അതിന് അദ്ദേഹം നൽകിയ മറുപടികളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം, കേരളം നാളെ ചരിത്രം സൃഷ്ടിക്കു’മെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന പോസ്റ്റ്.
സന്തോഷിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ രൂപത്തിൽ നിരവധി വിമർശനങ്ങളും സംശയങ്ങളുമാണ് ഉയർന്നുവന്നത്. ‘കുടിലില്ലാത്തവരും മൂന്ന് നേരം ഭക്ഷണം കിട്ടാത്തവരും എത്രയോ ഉണ്ടെന്നും, കേന്ദ്രം തരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കരുതെന്നും’ ഒരു കമന്റിൽ സൂചിപ്പിച്ചു. ഇതിന് മറുപടിയായി സന്തോഷ് ചോദിച്ചത്, “കേരളം വിട്ടിട്ട് എത്ര കാലമായി, സ്വന്തം നാടിൻ്റെ വളർച്ചയിൽ സന്തോഷിക്കയല്ലേ വേണ്ടത്” എന്നാണ്. ‘മുത്തങ്ങയിലും അട്ടപ്പാടിയിലും’ പോയി നോക്കിയാൽ ഒരു നേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്ന, വനത്തിൽ കുടിൽ കെട്ടി കുടിവെള്ളം പോലുമില്ലാത്ത ദരിദ്രരെ കാണാമെന്ന മറ്റൊരു വിമർശനത്തിന്, “ഈ പറയുന്ന സ്ഥലത്ത് താങ്കൾ എപ്പഴെങ്കിലും പോയിട്ടുണ്ടോ, ഞാൻ പോയിട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി നൽകി. ‘താങ്കളുടെ ദാരിദ്ര്യം മാത്രം മാറിയാൽ മതിയോ’, ‘കമ്മിറ്റിയിൽ കയറ്റി.. അയിനാണ്’, ‘നിലനിൽപ്പിനു വേണ്ടിയുള്ള പോസ്റ്റാണ്’ എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും പോസ്റ്റിന് ലഭിച്ചു.
അതേസമയം, പ്രശസ്ത താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ പങ്കെടുക്കുന്ന വിപുലമായ ചടങ്ങിൽ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം വീണ്ടും നടത്തുമെന്ന വിവരമുണ്ട്. ഈ പ്രഖ്യാപനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് സാമ്പത്തിക-സാമൂഹിക ശാസ്ത്ര മേഖലയിലെ പ്രമുഖരായ 25 വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. അതിദരിദ്രരെ കണ്ടെത്തിയ രീതി, അഞ്ചര ലക്ഷത്തോളം പേർ സൗജന്യ റേഷൻ വാങ്ങുന്ന സംസ്ഥാനത്ത് 64006 അതിദരിദ്രർ മാത്രമേ ഉള്ളൂ എന്നതിലെ യുക്തി തുടങ്ങിയ കാതലായ ചോദ്യങ്ങളാണ് ഡോ. ആർ.വി.ജി മേനോൻ, ഡോ. എം.എ. ഉമ്മൻ, ഡോ. ജെ. ദേവിക, ഡോ. കെ.പി. കണ്ണൻ തുടങ്ങിയവർ ഉയർത്തിയിരിക്കുന്നത്.
















