തിരുവനന്തപുരം ആര്യനാട് ബൈക്ക് അപകടത്തിൽ പത്താം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസി (15) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചക്ക് ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം 12 മണിയോടെയാണ് അപകടം നടന്നത്.
വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൻസി അച്ഛനൊപ്പം ബൈക്കിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷ് ആയിരുന്നു. അപകടം നടന്ന സ്ഥലത്തു വെച്ച തന്നെ ആൻസി മരിച്ചിരുന്നു.
ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൃതദേഹം ആര്യനാട് ഗവൺമെന്റ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
















