പോഷക സമ്പന്നമായ പച്ചക്കറികളുടെ കൂട്ടത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വഴുതനങ്ങ അഥവാ കത്തിരിക്ക. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും വഴുതനങ്ങ ഒട്ടും പിന്നിലല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഫൈബർ, ആന്റി ഓക്സിഡന്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6, സി തുടങ്ങിയ പോഷകങ്ങളുടെ ഒരു കലവറയാണ് ഈ പച്ചക്കറി. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
ഉയർന്ന നാരുകളുടെ അംശം കാരണം വഴുതനങ്ങ ദഹനപ്രക്രിയ എളുപ്പമാക്കുകയും, മലബന്ധം തടയുകയും, പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ, വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള ‘ഫൈറ്റോന്യൂട്രിയന്റ്‌സ്’ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഉത്തമമാണ്. കലോറി കുറവായതുകൊണ്ടും, ഫൈബറിനാൽ സമ്പന്നമായതുകൊണ്ടും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കാനും വിളർച്ച തടയാനും വഴുതനങ്ങ മികച്ചതാണ്. അതിനാൽ ആരോഗ്യകരമായ ഒരു ജീവിതത്തിനായി വഴുതനങ്ങ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
















