മിക്ക വീടുകളിലും മുട്ട വാങ്ങി സൂക്ഷിക്കാറുണ്ട്. ചിലർ ഫ്രിഡ്ജിൽ വക്കുന്നു, ചിലർ അത് വാങ്ങിക്കൊണ്ടു വരുന്ന കാർട്ടണിൽ തന്നെ വക്കുന്നു. എന്നാൽ, മുട്ടകൾ എങ്ങനെ സൂക്ഷിക്കണമെന്ന് സംബന്ധിച്ച് പലരും പാലിക്കുന്ന രീതി മുട്ടയുടെ ഗുണമേന്മയെയും ആരോഗ്യസുരക്ഷയെയും നേരിട്ട് ബാധിക്കാമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ സെലിബ്രിറ്റി ഷെഫ് റൺവീർ ബ്രാർ പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയിലായി.
മിക്കവാറും ആളുകൾ മുട്ടയുടെ കൂർത്ത ഭാഗം മുകളിലേക്കാണ് വയ്ക്കുന്നത്. എന്നാൽ ഷെഫ് റൺവീർ ബ്രാർ പറയുന്നത് അതിന് മറിച്ചാണ്. മുട്ടയുടെ വീതിയേറിയ ഭാഗം മുകളിലായിരിക്കണം. കാരണം, കോഴി മുട്ടയിട്ട ശേഷം അതിന്റെ വീതിയേറിയ ഭാഗത്താണ് എയർ സെൽ രൂപപ്പെടുന്നത്. സമയം കടന്നുപോകുന്തോറും ഈ എയർ സെൽ വലുതാകുകയും മുട്ടയുടെ ഗുണമേന്മ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
മുട്ടയുടെ വീതിയേറിയ ഭാഗം മുകളിലായി വെച്ച് സൂക്ഷിക്കുമ്പോൾ എയർ സെൽ സ്ഥിരമായി നിലനിൽക്കും. ഇതുവഴി മുട്ടയിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നത് തടയുകയും മഞ്ഞക്കരു പുറംതോടിനോട് അടുപ്പപ്പെടുന്നതിന് സാധ്യത കുറയുകയും ചെയ്യും. ശരിയായ രീതിയിലല്ല സൂക്ഷിച്ചാൽ ഈർപ്പം വേഗത്തിൽ ഇല്ലാതാകുകയും, അതിനൊപ്പം മുട്ടയുടെ ഘടനയും രുചിയും ദോഷം പ്രാപിക്കുകയും ചെയ്യും.
മുട്ടകൾ 40°F (4°C) ക്ക് താഴെയുള്ള താപനിലയിൽ സൂക്ഷിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഈ താപനില പാലിക്കാതിരുന്നാൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ വളരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുട്ട സൂക്ഷിക്കൽ സാധാരണ കാര്യമായി കാണരുതെന്നാണ് മുന്നറിയിപ്പ്.
മുട്ടയുടെ ഫ്രെഷ്നസ് നിലനിർത്താൻ ചില നിർദ്ദേശങ്ങൾ
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ 40°F (4°C) അല്ലെങ്കിൽ അതിൽ താഴെയുള്ള താപനില ഉറപ്പാക്കണം.
ഈർപ്പമുള്ള സ്ഥലങ്ങളിൽ മുട്ട വെക്കുന്നത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകാം.
പഴക്കം കൂടിയ മുട്ടകൾ ആദ്യം ഉപയോഗിച്ച് പുതിയത് പിന്നിലേക്ക് മാറ്റി സൂക്ഷിക്കുക.
വായു സഞ്ചാരം ഉറപ്പാക്കുക: റഫ്രിജറേറ്ററിൽ മുട്ടകൾ തിങ്ങിനിറച്ച് വെക്കാതെ വായു സഞ്ചാരത്തിന് ഇട നൽകണം.
മുട്ടകൾ അവയുടെ യഥാർത്ഥ കാർട്ടണിലോ മൂടിയുള്ള കണ്ടെയ്‌നറിലോ സൂക്ഷിക്കുക.
മുട്ടകളുടെ ഗുണമേന്മയും സുരക്ഷിതത്വവും നിലനിർത്താൻ ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക വഴി ആരോഗ്യം സംരക്ഷിക്കാമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.
















